Monday, May 6, 2024
spot_img

ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും ; ലൈവായി കാണാൻ അവസരമൊരുക്കി ഇസ്രോ

മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്.

8 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷണത്തിന് ശേഷം, ക്രൂ മൊഡ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിക്കും. 17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കുക. ശ്രീഹരിക്കോട്ടയിൽ പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലിലാണ് ക്രൂ മൊഡ്യൂൾ ഇറങ്ങുക.

ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുന്നത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ഇത്തരത്തിൽ തുടർ പരീക്ഷണങ്ങൾ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗൻയാൻ ബഹിരാകാശത്തേക്ക് കുതിക്കുക. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻറെ ദൗത്യം.

അതേസമയം, പരീക്ഷണ പറക്കൽ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. ഐഎസ്ആർഒ വെബ്സൈറ്റ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഗഗൻയാൻ പരീക്ഷണ പറക്കൽ ലൈവായി കാണാം. കൂടാതെ ഡിഡി നാഷണൽ ചാനലിലും തത്സമയം വീക്ഷിക്കാം.

Related Articles

Latest Articles