Thursday, May 9, 2024
spot_img

മോഷണത്തിന് വേണ്ടി മാത്രം വിമാനയാത്രകൾ !സ്വർണ്ണം ഇഷ്ട മോഷണമുതൽ ; പോലീസിനെ വലച്ച ആന്ധ്ര സ്വദേശി, തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിയിലായി

തിരുവനന്തപുരം : ആന്ധ്രാപ്രദേശിൽ നിന്ന് വിമാനത്തിൽ കേരളത്തിലെത്തി കളവ് നടത്തിയ ശേഷം വിമാനത്തിൽത്തന്നെ തിരികെ മടങ്ങുന്ന കള്ളൻ ഒടുവിൽ പിടിയിലായി. ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് ഉമ പ്രസാദ് (32) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് വലയിലായത്. ഇന്നു പുലർച്ചെയുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയ് 28ന് ഉമ പ്രസാദ് വിമാന മാർഗം തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രവും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ജൂൺ രണ്ടിന് തിരിച്ചെത്തി നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് വീണ്ടും മടങ്ങി. ആറാം തീയതി വീണ്ടും നഗരത്തിലെത്തിയ ഇയാൾ ഫോർട്ട്, പേട്ട സ്റ്റേഷൻ പരിധികളിൽ മൂന്നു മോഷണങ്ങൾ നടത്തി. ഈ മാസം ഒന്നാം തീയതി നാട്ടിലേക്ക് മടങ്ങി.മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി യാത്ര ചെയ്ത ഒരു ഓട്ടോയുടെ ഡ്രൈവറിലേക്ക് പോലീസ് എത്തുന്നത്. ഡ്രൈവറിൽ നിന്ന് പ്രതിയെ കൊണ്ടുവിട്ട ഹോട്ടലിനെ പറ്റിയുള്ള വിവരങ്ങൾ പോലീസിനു ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിന്റെ പേരും മേൽവിലാസവും ഹോട്ടൽ രേഖകളിൽനിന്ന് ലഭിക്കുകയും ചെയ്തു.

മോഷ്ടാവ് കേരളത്തിലേക്കു തിരിച്ചുവരാനുള്ള തയാറെടുപ്പിലാണെന്ന് മനസിലാക്കിയ പോലീസ് ഇയാൾക്കായി വല വിരിച്ചു. ഇന്ന് പുലർച്ചെ വിമാനത്താവളത്തിലെത്തിയ പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തൊണ്ടിമുതലുകളിൽ ചിലത് ചാക്ക പാലത്തിന്റെ അടിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ആന്ധ്രയിലെ ഖമ്മം ജില്ലയിലെ നഗരപ്രദേശത്താണ് പ്രതി താമസിക്കുന്നത്. നാട്ടിൽ നിരവധി കേസുകളുണ്ട്. വർഷങ്ങൾക്ക് മുൻപ് എവറസ്റ്റ് കീഴടക്കാൻ ശ്രമം നടത്തിയിരുന്നു. സ്വർണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണം ആന്ധ്രയിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുന്നതാണ് ഇയാളുടെ രീതി. തൊപ്പിയും ബനിയനും ഷോർട്സുമാണ് ഇയാൾ മോഷണ സമയത്ത് ധരിക്കുക. കണ്ണുകൾ ഒഴികെ മറയ്ക്കുന്ന മുഖം മൂടിയും കയ്യുറയും ധരിക്കും. ജനലഴി ഇളക്കാനുള്ള പാരയും വാതിൽ പൊളിക്കുന്നതിനുള്ള കട്ടറും കയ്യിലുണ്ടാകും. മോഷണ സമയത്ത് വീടുകളിലെ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തശേഷം ദൃശ്യങ്ങൾ അടങ്ങുന്ന ബോക്സും കൊണ്ടുപോകുന്നതായിരുന്ന ഇയാളുടെ പതിവ്.

Related Articles

Latest Articles