Friday, May 3, 2024
spot_img

ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, മാനദണ്ഡങ്ങള്‍ പാലിക്കാത്ത 52 സ്ഥാപനങ്ങൾ പൂട്ടിച്ചു.

തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കി. ക്രിസ്തുമസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തുന്നത്. സംസ്ഥാന വ്യാപകമായി വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2583 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 52 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 151 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 213 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി.

കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ശ്രദ്ധ നല്‍കി. കേക്ക്, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കള്‍ ആല്‍ക്കഹോളിക് ബിവറേജ് , ഐസ്‌ക്രീം, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.

ഉത്സവ സീസണുകളിൽ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ജോയിൻ്റ് കമ്മീഷ്ണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ.പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Latest Articles