ദില്ലി: കോണ്‍ഗ്രസ് വിട്ട പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് പഞ്ചാബ് ലോക് ശക്തി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. സെപ്റ്റംബര്‍ 19ന് അമരീന്ദറിന്റെ പാര്‍ട്ടി ബിജെപിയിൽ ലയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലിയിലെ ബിജെപി ആസ്ഥാനത്തുവച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുറത്തറിയിച്ചത്. പിസിസി അധ്യക്ഷനായിരുന്ന നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി നാളുകളായി എതിര്‍ദിശയിലായിരുന്ന അമരീന്ദര്‍ സിംഗ് കഴിഞ്ഞ സെപ്തംബറിലാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ ഉടന്‍ തന്നെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിയോട് പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തട്ടകമായിരുന്ന പട്യാലയിലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പരാജയം.

