Sunday, May 19, 2024
spot_img

മിഠായി കഴിച്ച നാലു കുരുന്നുകൾക്ക് ദാരുണാന്ത്യം; ദുർമന്ത്രവാദത്തിന് പങ്കുണ്ടെന്ന് സംശയം, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: മിഠായി കഴിച്ച നാലുകുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കുശീനഗറിൽ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികളാണ് മരണപ്പെട്ടത്. ഞെട്ടിക്കുന്ന സംഭവം ബുധനാഴ്‌ച രാവിലെ ആയിരുന്നു അരങ്ങേറിയത്. മരിച്ചവരിൽ രണ്ട് പേർ പെൺകുട്ടികളാണ്.

മരണപ്പെട്ട കുട്ടികളിൽ ഒരാളുടെ വീടിനുമുന്നിലായിരുന്നു മിഠായിയും ഒപ്പം പണവും വെച്ചിരുന്നത്.
ആരാണ് മിഠായിയും പണവും കൊണ്ടുവെച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. മിഠായി കണ്ട കുട്ടികളിലൊരാൾ അവ വേഗമെടുത്ത് കഴിക്കുകയും അടുത്ത വീട്ടിലെ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു .

മിഠായി കഴിച്ചതിന് പിന്നാലെ തന്നെ നാല് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി. ഉടൻ തന്നെ നാലുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുട്ടികളെല്ലാം ദളിത് കുടുംബത്തിലുള്ളതാണ്.

മരണകാരണം ഇതുവരെയും കണ്ടെത്തിയില്ല. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. കേസിൽ ദുർമന്ത്രവാദത്തിന് പങ്കുണ്ടെന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles