പാരിസ്: ഭീകരാക്രമണങ്ങളും കൊലയും പതിവായ രാജ്യത്തെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഊര്‍ജ്ജിത നടപടികളുമായി ഫ്രാന്‍സ്. തീവ്രവാദത്തെ പ്രോഹത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ 76ഓളം പളളികള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ ഈ വിവരം ട്വീറ്റ് ചെയ്‌തു. ‘വരും ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പരിശോധനകള്‍ നടത്തും. സംശയം തോന്നിയാല്‍ അവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കും’ ഡര്‍മാനിന്‍ പറഞ്ഞു. മതിയായ രേഖകളില്ലാതെ വന്ന 66 അഭയാര്‍ത്ഥികളെയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ തീവ്ര മതവാദികളാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് ചില സ്ഥലങ്ങളിലെ ആരാധനാലയങ്ങളില്‍ രാജ്യത്തിന്റെ റിപബ്ളിക്കന്‍ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഇമാമുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവും മൂന്ന് പേരെ കുത്തിക്കൊന്ന സംഭവവുമാണ് ഈ നടപടിയിലേക്ക് കടക്കാനുണ്ടായ പെട്ടെന്നുളള കാരണം. എന്നാല്‍ എവിടെയൊക്കെയാണ് പരിശോധന നടത്തുകയെന്നുളള വിവരം ഡര്‍മാനിന്‍ വ്യക്തമാക്കിയില്ല. ഇവയില്‍ 16 എണ്ണം പാരീസിലും മറ്റുളളവ രാജ്യത്തെ വിവിധ മേഖലകളിലുമാണെന്നാണ് അറിവ്. ഇവ അറുതോളമുണ്ട്. സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന്‍ പ്രവാചകന്റെ രേഖാചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പാരീസ് നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുളള പാന്റിനിലെ ഗ്രാന്റ് മോസ്‌ക് സര്‍ക്കാര്‍ അടപ്പിച്ചിരുന്നു. ഒരു മനുഷ്യാവകാശ സംഘടനയോടും മുസ്ലിം ചാരിറ്റി ബറാക്ക സിറ്റി എന്ന മറ്റൊരു സംഘടനയോടും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവ ഇസ്ലാം മതത്തിനെതിരായ ആക്രമണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളാണ്. ഇവയുടെ പ്രവര്‍ത്തനം സംശയാസ്‌പദമാണെന്നാണ് സര്‍ക്കാര്‍ വാദം.

