Saturday, May 25, 2024
spot_img

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ! ആദ്യ അരമണിക്കൂറിന് ശേഷം നിരക്ക് ഈടാക്കും; സേവനം നാളെ മുതൽ ലഭ്യമാകും

ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് നാളെ മുതൽ സൗജന്യ വൈഫൈ തിരുവിതാംകൂർ ദേവസ്വം ബോർഡ് ലഭ്യമാക്കും. ബിഎസ്എൻഎല്ലുമായി സഹകരിച്ചാണ് ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി പന്ത്രണ്ട് കേന്ദ്രങ്ങളിൽ സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ഇതിനു പുറമെ ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും സൗജന്യ വൈ ഫൈ സംവിധാനം ലഭിക്കും. അക്കോമഡേഷൻ ഓഫീസ് പരിസരം ,നടപന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ ,നടപന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ ,നടപന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ ,അപ്പം – അരവണ കൗണ്ടർ ,നെയ്യഭിഷേക കൗണ്ടർ ,അന്നധാനമണ്ഡപം ,മാളികപ്പുറത്തെ രണ്ട് നടപന്തലുകൾ എന്നിങ്ങനെ പന്ത്രണ്ട്  ഇടങ്ങളിലാണ് വൈഫൈ സംവിധാനം ലഭ്യമാവുക

100 Mbps വേഗതയിലാകും വൈഫൈ ലഭ്യമാക്കുക.ആദ്യ അരമണിക്കൂർ ഭക്തർക്ക് വൈഫൈ സൗജന്യമായി ഉപയോഗിക്കാം .തുടർന്നുള്ള ഉപയോഗത്തിന് ഒരു ജിബിക്ക് ഒൻപത് രൂപ എന്ന നിരക്കിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കും.ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.വൈഫൈ സംവിധാനം നാളെ മുതൽ ലഭ്യമായി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി .എസ് .പ്രശാന്ത് പറഞ്ഞു .

Related Articles

Latest Articles