Sunday, May 5, 2024
spot_img

ഇന്ധന വില കുതിക്കുന്നു;മോഷ്ടാക്കളെ പിടിക്കാന്‍ ഡ്രോണുമായി ഐഓസി

ദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഐഓസി മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. രാജ്യവ്യാപകമായുള്ള ഇന്ധന വിതരണ പൈപ്പ് ലൈന്‍ ശ്യംഖലയില്‍ നിന്ന് എണ്ണ ചോര്‍ത്തി അടിച്ചുമാറ്റുന്ന കള്ളന്മാരെ കൊണ്ടാണ് കമ്പനി അധികൃതര്‍ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നത്. മോഷണം പോകുന്നത് നാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പൊന്നിനേക്കാളും വിലയുള്ള പെട്രോളും ഡീസലും.

നാള്‍ക്കുനാള്‍ ഇന്ധന വില കുത്തനെ ഉയരുന്നതിനിടെയാണ് വിലപ്പിടിപ്പുള്ള ഇന്ധനം തന്നെ കള്ളന്മാര്‍ എളുപ്പത്തില്‍ കൈക്കലാക്കുന്നത്. മോഷ്ടാക്കളെ പിടിക്കാന്‍ പല വഴി നോക്കിയിട്ടും രക്ഷയില്ലാത്തതിനാല്‍ ഡ്രോണ്‍ രംഗത്തിറക്കാനാണ് അധികൃതരുടെ തീരുമാനം.പതിനയ്യായിരം കി.മീ നീളത്തിലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ ഉള്ളത്.ഈ പൈപ്പ്‌ലൈനില്‍ പല ഭാഗത്തും ദ്വാരമുണ്ടാക്കിയാണ് എണ്ണ ചോര്‍ത്തിയെടുക്കുന്നത്. നൂതന ടെക്‌നോളജി ഉപയോഗിച്ചാണ് കമ്പനി മോഷണം കണ്ടെത്തിയത്. 2020-21 വര്‍ഷത്തില്‍ മാത്രം 54 മോഷ്ടാക്കളാണ് അറസ്റ്റിലായത്.

ആഗസ്റ്റ് 17നാണ് ഏറ്റവും ഒടുവില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് ഹരിയാനയിലെ സോനിപറ്റിലായിരുന്നു. ദല്‍ഹി-പാനിപറ്റ് സെക്ഷനില്‍ 120 കിമീ വിദൂരത്തായി മതുര-ജലന്ധര്‍ പൈപ്പ്‌ലൈനില്‍ മോഷ്ടാക്കളെ പിടിക്കാനായി ഡ്രോണ്‍ നിരീക്ഷണം കമ്പനി ഏര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് ലൈവ് ഫീഡില്‍ നിന്ന് ചോര്‍ച്ചയും ഇന്ധനമോഷണവും കണ്ടെത്താന്‍ സാധിച്ചുവെന്ന് ഐഓസി അറിയിച്ചു. മോഷണം നഷ്ടം മാത്രമല്ല വിനാശകാരിയായ അപകടങ്ങള്‍ക്കും വഴി വെക്കുമെന്ന ആശങ്കയാണ് അധികൃതര്‍ പങ്കുവെക്കുന്നത്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും മോഷണം പിന്നെയും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഡ്രോണ്‍ നിരീക്ഷണം ഫലപ്രാപ്തിയിലാകുമെന്ന വിലയിരുത്തലിലാണ് കമ്പനി.

Related Articles

Latest Articles