Thursday, March 28, 2024
spot_img

ഓച്ചിറയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടു പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; കുട്ടിയെ കടത്തിയത് ബാംഗ്ലൂരിലേക്കെന്ന് സംശയം


കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് റിപ്പോർട്ട്. മേമന ബ്രാഞ്ച് സെക്രട്ടറിയുടെ മകനായ ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളുടെ 13 കാരിയായ മകളെ കഴിഞ്ഞ ദിവസമാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി റോഷനും സംഘവും പെണ്‍കുട്ടിയുമായി ബാംഗ്ലൂരി​ലേക്ക് കടന്നതായി പോലീസിന് സംശയം ഉണ്ടായിരിക്കുന്നത്. നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതോടെയാണ് പോലീസ് ഉണര്‍ന്നത്.

അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കായംകുളത്ത് നിന്നും കണ്ടെത്തിയിരുന്നു. നാട്ടിൽത്തന്നെയുള്ള ചിലർ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബം ഓച്ചിറ – വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. ഒരു മാസമായി ഇവര്‍ ഇവിടെയുണ്ട്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവരെ ആക്രമിക്കുകയായിരുന്നു.

ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളി. ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൊവാഴ്ച രാവിലെ മാതാപിതാക്കള്‍ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല.

Related Articles

Latest Articles