
മാള: ജനകീയപ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ഓപറേറ്ററോട് കയർത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയപ്രതിരോധ ജാഥയ്ക്ക് മാളയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. മൈക്ക് ശരിയായി പ്രവർത്തിക്കാത്തതിന് ”നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി” എന്നാണ് എം.വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ചോദിക്കുന്നത്.
മൈക്ക് ഓപ്പറേറ്റര്‍ പ്രസംഗത്തിനിടെ മൈക്കിന്റെ സ്ഥാനം ശരിയാക്കുകയും മൈക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ടും ശരിയാകാതായതോടെ എം.വി. ഗോവിന്ദനോട് കുറച്ചുകൂടി മൈക്കിനോട് അടുത്തേക്കു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയായിരുന്നു ഗോവിന്ദന്റെ രോഷപ്രകടനം. മൈക്ക് ഓപ്പറേറ്റര്‍ സംസാരിക്കുമ്പോൾ അങ്ങോട്ട് പൊയ്ക്കോ എന്നും എം.വി. ഗോവിന്ദൻ പറയുന്നുണ്ട്.