പനാജി: ഗോവയിൽ ബിജെപി മൂന്നാം തവണയും അധികാരത്തിലേക്കെന്നാണ് ലീഡ് നില നൽകുന്ന സൂചന. 2017 ലെ നിയമ സഭാ തെരെഞ്ഞെടുപ്പിൽ ഗോവയിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രെസ്സിനെ പിന്തള്ളി ചടുലമായ നീക്കങ്ങളിലൂടെ ബിജെപി ഭരണം പിടിച്ചിരുന്നു. ആ അവസ്ഥ ഒഴിവാക്കാൻ കോൺഗ്രസ് ഇത്തവണ വലിയ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികളെക്കൊണ്ട്, വിജയിച്ചാൽ ബിജെപി ക്കൊപ്പം പോകില്ലെന്ന പ്രതിജ്ഞ എടുപ്പിക്കുകയും റിസോർട്ടിലെത്തിച്ച് മുൻകരുതൽ എടുക്കുകയും ചെയ്തിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് കോൺഗ്രസ് മുൻകരുതലുകളെടുത്തത്. എന്നാൽ ഗോവയിൽ ബിജെപി നില മെച്ചപ്പെടുത്തുകയും കേവല ഭൂരിപക്ഷത്തോട് അടുത്ത സീറ്റുകൾ നേടുമെന്നുറപ്പായതോടെ കോൺഗ്രസ് മുന്നൊരുക്കങ്ങൾ പാളി.
എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഗോവയിൽ കോൺഗ്രസ്സും ബിജെപിയും ഒപ്പത്തിനൊപ്പം എന്നായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ചെറു കക്ഷികളെ സ്വാധീനിക്കാനും ഗവർണറെ ആദ്യംതന്നെ കാണാനും വലിയ മുന്നൊരുക്കങ്ങളാണ് ഗോവ കോൺഗ്രസ് ഘടകം നടത്തിയിരുന്നത്.

