Monday, May 6, 2024
spot_img

നർകോട്ടിക് ജിഹാദ് പരാമർശം: ബിഷപ്പ് പറഞ്ഞത് അവരുടെ ആശങ്ക, ദുരുദ്ദേശമുണ്ടെന്ന് കരുതുന്നില്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരന്‍ പിള്ള

കോഴിക്കോട്: നർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. വിവാദമുണ്ടായ ശേഷം ബിഷപ്പിനോട് ഫോണില്‍ സംസാരിച്ചുവെന്നും, ഇക്കാര്യത്തില്‍ പാലാ ബിഷപ്പിന് ദുരുദ്ദേശം ഉണ്ടെന്ന് കരുതുന്നില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണ് കേരളത്തിൽ എട്ടോ ഒമ്പതോ വർഷമായി ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, ഇത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉയര്‍ത്തിയ ആശങ്ക സംബന്ധിച്ച് കൂടുതല്‍ പഠിച്ചിട്ടില്ല. പത്താം തീയതി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അദ്ദേഹത്തെ കണ്ട അവസരത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് പ്രാഥമികമായി ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ഗവർണർ പറഞ്ഞു. അതോടൊപ്പം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപതയും രംഗത്തെത്തിയിട്ടുണ്ട്. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയെന്ന് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സാമൂഹിക തിന്മകൾക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാൻ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങനാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Latest Articles