Thursday, May 16, 2024
spot_img

ചുട്ടിപ്പാറയിൽ സുവർണ്ണ ശാസ്താ ശിൽപം,
നിർമിക്കുന്നത് 133 അടി ഉയരത്തിൽ; രൂപരേഖ പ്രകാശനം നാളെ തിരുവനന്തപുരത്ത്

പത്തനംത്തിട്ട : പത്തനംത്തിട്ട നഗരമധ്യത്തിലെ ചുട്ടിപ്പാറയിൽ 133 അടി ഉയരത്തിൽ ശാസ്താവിന്റെ സുവർണ ശിൽപം സ്ഥാപിക്കുന്ന പദ്ധതിയുടെ രൂപരേഖ നാളെ തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. 3 കോടിയാണ് അയ്യപ്പന്റെ ശിൽപത്തിൻ്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഭഗവാന്റെ യോഗനിദ്രയിലുള്ള ശിൽപത്തിന്റെ ചുറ്റളവ് 66 മീറ്ററാണ്. തിരുവനന്തപുരം ആഴിമലയിൽ ശിവപ്രതിമ നിർമിച്ച ദേവദത്തനാണ് ശിൽപി. 32 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നാലര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.

ശ്രീ അയ്യപ്പന്റെ ജനനം മുതൽ ശബരിമലയിൽ കുടികൊള്ളുന്നത് വരെയുള്ള ചരിത്രം ഉൾപ്പെടുത്തിയ മ്യൂസിയവും പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്. ജടായുപ്പാറ മാതൃകയിലാണ് മ്യൂസിയം. പന്തളം കൊട്ടാരത്തിന്റെ മാതൃക, പൂങ്കാവനത്തിന്റെയും പമ്പ, അഴുതാ നദികളുടെയും വിവരണങ്ങൾ തുടങ്ങിയവ ഇതിലുണ്ടാകും. ചുട്ടിപ്പാറയിലേക്കുളള പാതയും പഴനി മാതൃകയിൽ റോപ്‌വേയും നിർമിക്കും. വനവാസ കാലത്ത് ശ്രീരാമനും സീതാദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന പവിത്രസ്ഥലമാണ് സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ.

അയ്യപ്പ ശിൽപത്തിന്റെ ചിത്രം എടുത്ത ശേഷം തിരിച്ചു നോക്കിയാൽ മാളികപ്പുറത്തമ്മയുടെ രൂപം കാണാവുന്ന തരത്തിലാണ് ശിൽപമെന്ന് ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മോക്ഷഗിരി മഠം ഡോ.രമേഷ് ശർമ പറഞ്ഞു. ഈ മണ്ഡലകാലത്ത് തന്നെ പദ്ധതി പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കാവശ്യമായ പണം നൽകാൻ നിരവധി അയ്യപ്പ ഭക്തർ മുന്നോട്ട് വന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles