Sunday, September 20, 2026

ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണമെന്ന സ്ത്രീകളുടെ ഹര്‍ജി നിലനിൽക്കും; മസ്‌ജിദ്‌ കമ്മിറ്റിയുടെ ഹർജ്ജി തള്ളി, പള്ളികമ്മിറ്റിക്ക് തിരിച്ചടി

ദില്ലി: ഗ്യാന്‍വാപിയില്‍ ആരാധന അനുവദിക്കണെന്ന ഹര്‍ജിക്കെതിരായ പള്ളിക്കമ്മിറ്റിയുടെ അപേക്ഷ തള്ളി കോടതി. ഹിന്ദു മതത്തില്‍പ്പെട്ട അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരായ അപേക്ഷയാണ് തള്ളിയിരിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ആരാധന വേണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം. ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനകളുടെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് പറഞ്ഞ കോടകി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

സ്ത്രീകളുടെ ഹര്‍ജി ആരാധന സ്ഥലനിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പള്ളിക്കമ്മിറ്റിയുടെ വാദം. ഇത് കോടതി തള്ളിയതോടെ ഹിന്ദു സ്ത്രീകളുടെ നിത്യാരാധന ആവശ്യത്തില്‍ കോടതിയില്‍ വാദം തുടരും. കേസ് ഈ മാസം 22ന് വാരണസി കോടതി വീണ്ടും പരിഗണിക്കും.

1991 ലെ ആരാധനാലയ സംരക്ഷണ നിയമപ്രകാരം കോടതിക്ക് കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് മസ്ജിദ് കമ്മിറ്റി ആവര്‍ത്തിച്ച് വാദിച്ചിരുന്നത്. വാരണാസിയിലെ രണ്ട് കോടതികളാണ് ഗ്യാന്‍വാപി വിഷയം പരിഗണിച്ചത്. ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ പൂജയും, പ്രാര്‍ത്ഥനയും അനുവദിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്നതിലായിരുന്നു വാരണാസി ജില്ലാ കോടതിയിലെ വാദം കേള്‍ക്കല്‍. മസ്ജിദ് വഖഫ് സ്വത്തല്ലെന്ന ഹര്‍ജിക്കാരുടെ വാദത്തെ മസ്ജിദ് കമ്മിറ്റി എതിര്‍ത്തിരുന്നു. 1937ലെ ദീന്‍ മുഹമ്മദ് കേസ് വിധിയില്‍ ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഭൂമികള്‍ കൃത്യമായി വേര്‍തിരിച്ചിരുന്നു. മസ്ജിദ് വളപ്പ് മുസ്ലിം വഖഫിന്റേതാണെന്നും, സമുദായ അംഗങ്ങള്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനുള്ള എല്ലാ അവകാശവുമുണ്ടെനും മസ്ജിദ് കമ്മിറ്റി മുന്‍പ് വാദിച്ചിരുന്നു.

Related Articles

Latest Articles