Tuesday, October 27, 2026

മല്ലു ട്രാവലറിനെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും; മൊഴി നൽകുന്നത് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിൽ

കൊച്ചി: വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴി നൽകുക. നിലവിൽ യുവതി ബെംഗളൂരുവില്‍ ചികിത്സയിലാണ്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഹോട്ടലിൽ സൗദി വനിതയോടു ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ, വിദേശത്തുള്ള വ്ലോഗറും യുട്യൂബറുമായ ഷാക്കിർ സുബ്‌ഹാനോട് നാട്ടിലെത്തിയാലുടൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ എറണാകുളം സെൻട്രൽ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് സൗദി വനിതയുടെ പരാതി. ഒരാഴ്ച മുൻപാണ് സംഭവം. വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലർ ഇവരെ ക്ഷണിച്ചത്. ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.

Related Articles

Latest Articles