Friday, October 16, 2026

ബൈക്ക് വാങ്ങാനായി കടയിലെത്തി;ഒടുവിൽ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന രണ്ട് ലക്ഷം രൂപയുടെ പുത്തന്‍ ബൈക്കുമായി സ്ഥലംവിട്ടു;അന്വേഷണം

പാലക്കാട്: ബൈക്ക് വാങ്ങാനെത്തിയ യുവാവ് ഒടുവിൽ കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന
2.07 ലക്ഷം രൂപ വിലയുള്ള പുത്തന്‍ ബൈക്കുമായി സ്ഥലംവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ പാലക്കാട് നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലാണ് സംഭവം. ബൈക്ക് വാങ്ങാനെത്തിയ യുവാവ് അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശേഷം കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കുറച്ച് നേരം കടയുടെ മുന്നിലായി ചുറ്റിപ്പറ്റി നിന്നു.

തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന പുത്തന്‍ ബൈക്കുമായി ഇയാള്‍ കടന്നുകളയുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ബൈക്കിന്‍റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു. മാത്രമല്ല, ബൈക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് ട്രയല്‍ റണ്ണിന് കൊടുത്തിരുന്നതിനാല്‍ ബൈക്കില്‍ അത്യാവശ്യം പെട്രോളും ഉണ്ടായിരുന്നു. യുവാവ് ബൈക്കുമായി കടന്ന ശേഷമാണ് മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. കട ഉടമയുടെ പരാതിയില്‍ നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles