Friday, May 10, 2024
spot_img

ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. വെള്ളിയാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യൂനമര്‍ദ പാത്തി, കിഴക്ക് പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമാകും. ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMDGFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്,ജില്ലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.
മധ്യ കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള മേഖലകളിലും തെക്ക് ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

Related Articles

Latest Articles