ഉത്തരേന്ത്യയിൽ മഴ കനക്കുന്നു. ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ബിഹാരിൽ ഇടിമിന്നലേറ്റ് 17 പേർ മരിച്ചു. ഉത്തരാഖണ്ടിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിൽ ഇന്നലെ മൂന്നു മണിക്കൂറിൽ കിട്ടിയത് 29.5 മില്ലി മീറ്റർ വരെ മഴ ആണ്. മഴ തുടർന്നാൽ സ്ഥിതി വീണ്ടും സങ്കീർണ്ണമാകും എന്നാണ് മുന്നറിയിപ്പ്. യമുനയിലെ ജലനിരപ്പ് 206.6 ആയി താഴ്ന്നു.
അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 18-07-2023ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, 19-07-2023 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

