കൊച്ചി: കാസർഗോഡ് ജില്ലയിലെ ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതുവായ ആവശ്യത്തിന് ഉപയോഗിക്കപ്പെടുന്ന അടിസ്ഥാന സൗകര്യമാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ഗ്രൗണ്ട് കയ്യേറ്റമാണെന്നാരോപിച്ച് പൊളിച്ചുനീക്കാനുള്ള നടപടിയിൽ കോടതി മുമ്പ് ഏർപ്പെടുത്തിയിരുന്ന ഇടക്കാല വിലക്ക് തുടരുമെന്നും വ്യക്തമാക്കി.
ജസ്റ്റിസ് വിജു എബ്രഹാം പുറപ്പെടുവിച്ച ഉത്തരവിൽ, വിഷയത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനം കൈക്കൊള്ളാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി. സർക്കാർ തീരുമാനം വരുന്നതുവരെ നിലവിലെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിൽ തുടരുമെന്ന് കോടതി വ്യക്തമാക്കി.
നിർമാണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
സർക്കാർ വക 1.09 ഏക്കർ ഭൂമി അസോസിയേഷൻ കയ്യേറിയെന്ന ജില്ലാ കളക്ടറുടെ കണ്ടെത്തൽ ശാസ്ത്രീയ സർവേയുടെ അടിസ്ഥാനത്തിലല്ലെന്ന കെസിഎയുടെ വാദം കോടതി പ്രാഥമികമായി അംഗീകരിച്ചു.
വിവാദഭൂമിയിൽ ശാസ്ത്രീയ സർവേ നടത്താൻ അസോസിയേഷൻ സർക്കാരിനോട് അപേക്ഷിക്കാമെന്നും അത്തരമൊരു അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട അധികാരി കൃത്യമായ സർവേ നടത്തി റിപ്പോർട്ടും സ്കെച്ചും തയ്യാറാക്കി സർക്കാർ നേരിട്ട് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, നിർദ്ദിഷ്ട സ്ഥലത്ത് ഉണ്ടായിരുന്ന 40 സെന്റ് പുറമ്പോക്ക് തോട് നിർമാണത്തിന്റെ ഭാഗമായി കയ്യേറിയെന്ന ആരോപണത്തിൽ, സ്ഥലം വാങ്ങിയ സമയത്ത് അത് നികന്ന ഭൂമിയായിരുന്നുവെന്നും തോട് ഉണ്ടായിരുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, അസോസിയേഷൻ കോടതിയിൽ അറിയിച്ചു. തോടിന്റെ ഗതി മാറ്റം വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചിട്ടില്ലെന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ടും കോടതിയിൽ ചൂണ്ടിക്കാട്ടപ്പെട്ടു.
കയ്യേറിയതായി ആരോപിക്കുന്ന 40 സെന്റിന് പകരം തുല്യമായ മറ്റൊരു ഭൂമി പഞ്ചായത്തിന് നൽകുകയോ അല്ലെങ്കിൽ വിവാദഭൂമി പാട്ടത്തിന് എടുക്കുകയോ ചെയ്യാമെന്ന അസോസിയേഷന്റെ നിർദേശം ബദിയടുക്ക പഞ്ചായത്തും, പഞ്ചായത്ത് ഡയറക്ടറും നേരത്തെ അംഗീകരിച്ചതായി കോടതിയിൽ വ്യക്തമാക്കി. ഈ നിർദേശങ്ങളും പരിഗണിച്ചായിരിക്കണം സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

