Friday, May 10, 2024
spot_img

ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു
തട്ടിപ്പ് ; ആരോപണ വിധേയൻ സൈബി കിടങ്ങൂർ അസോസിയേഷൻ പ്രസിഡന്റ്
സ്ഥാനമൊഴിയുന്നു; സെക്രട്ടറിക്ക് കത്തു നൽകി

കൊച്ചി : കേസിൽ അനുകൂല വിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്കു 77 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് പണം തട്ടിയെന്ന കേസിൽ ആരോപണവിധേയനായ ‌ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സൈബി കിടങ്ങൂർ സ്ഥാനമൊഴിയാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അസോസിയേഷൻ‌ സെക്രട്ടറിക്ക് സൈബി കത്തു നൽകി. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ മുതൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി കത്തിൽ ആരോപണമുണ്ട്.

തനിക്കെതിരായി ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഹൈക്കോടതി വിജിലൻസ് അന്വേഷിക്കുകയും അതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നത് അനുചിതമാണെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിയാൻ സൈബി തയ്യാറായത്.

തന്റെ രാജിക്കത്ത് സ്വീകരിച്ച് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് സൈബി ആവശ്യപ്പെട്ടു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ നിന്ന് നേരത്തെ തന്നെ സൈബി അനൗദ്യോഗികമായി വിട്ടുനിൽക്കുകയായിരുന്നു.

കേസിൽ നേരത്തെ മൊഴി നൽകിയിട്ടില്ലാത്ത 4 അഭിഭാഷകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഡിജിപി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണു കേസിൽ രേഖപ്പെടുത്തിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗവും ചില അഭിഭാഷകരുടെ മൊഴിയെടുത്തിരുന്നു. ഇതിനു ശേഷം അന്വേഷണം നടത്തിയ സിറ്റി പൊലീസ് കമ്മിഷണർ ഇവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തി.

തട്ടിപ്പു നടത്തിയത് അഡ്വ.സൈബി ഒറ്റയ്ക്കല്ലെന്ന തരത്തിലുള്ള മൊഴികളാണ് അന്വേഷണ സംഘത്തിനു ഇപ്പോൾ ലഭിച്ചത്. ഇതിനു ശക്തി പകർന്നു കൊണ്ട് ഹൈക്കോടതിയിലെ മുൻ ഗവൺമെന്റ് പ്ലീഡർക്കു പുറമേ 3 അഭിഭാഷകരുടെ പേരുകൾ കൂടി പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles