Thursday, May 9, 2024
spot_img

ജനാധിപത്യ ദിനത്തോടനുബന്ധിച്ച് കുറച്ച് കാര്യങ്ങൾ | ഹിന്ദു ജനജാഗൃതി സമിതി

???? ഭാരതത്തിന്റെ ദേശീയ ഗീതം : വന്ദേ മാതരം ????

വന്ദേ മാതരം എന്ന ഗീതം നാം ഭാരതീയരുടെ ദേശീയ ഗീതമാണ്. വന്ദേ മാതരം എന്നീ രണ്ടു വാക്കുകളാണ് സ്വാതന്ത്യ്ര സമര സേനാനികൾക്കു മാത്രമല്ല സാധാരണ ഭാരതീയർക്കും ലാത്തി അടിയും, ചാട്ടവാറടിയും ഏൽക്കാനുള്ള ബലം നൽകിയത്. കഠിനമായ ശിക്ഷകൾ വിധിക്കപ്പെടുമ്പോഴും തൂക്കിക്കൊല്ലപ്പെടുമ്പോഴും സ്വാതന്ത്യ്ര സമര സേനാനികൾ സ്മരിച്ചത് വന്ദേ മാതരം എന്നീ രണ്ടു വാക്കുകൾ മാത്രമാണ്. ഈ വാക്കുകൾ തന്നെയാണ് ഇംഗ്ലീഷുകാരെ രോഷാകുലരാക്കിയത്. ആ സമയത്ത് ബംഗാളിലെ ഗവർണർ വന്ദേ മാതരം ഉച്ചരിക്കുന്നതിനെ നിയമപരമായി നിഷേധിച്ചിരുന്നു. ഈ നിഷേധനത്തിലൂടെ വന്ദേ മാതരത്തിന് രാജ്യമെന്പാടും പ്രശസ്തി ലഭിച്ചു. ഈ വാക്കുകൾ ദേശീയ മഹാമന്ത്രമായി മാറി.

⛳ വന്ദേ മാതരത്തിന്റെ ചരിത്രം

ഭാരതത്തിന്റെ മാഹാത്മ്യം എന്നത് ഹിന്ദു ധർമത്തിന്റെ മാഹാത്മ്യത്തിൽ അധിഷ്ഠിതമാണ്. ശ്രീരാമൻ മുതൽ ഛത്രപതി ശിവജി മഹാരാജ് വരെയുള്ള ഓരോ ഭരണാധികാരിക്കും തന്റെ മാതൃഭൂമിയോട് സ്നേഹവും ആദരവും ഉണ്ടായിരുന്നു. രാവണ വധത്തിനുശേഷം ശ്രീരാമനോട് ലങ്കയിൽ തന്നെ താമസിക്കാനായി അഭ്യർഥിച്ചപ്പോൾ ശ്രീരാമൻ പറഞ്ഞത് – ജനനി ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി; അതായത് ലങ്ക എന്നല്ല, എനിക്ക് സ്വർഗത്തേക്കാളും വലുത് എന്റെ അമ്മയും മാതൃഭൂമിയും ആണ്.

സുജലവും സുഫലവും സസ്യശ്യാമളവുമായ ഈ ഭൂമിയെ ഏത് പ്രിയ പുത്രനാണ് സ്നേഹിക്കാതിരിക്കുക ? ഐശ്വര്യവും സമ്പൽസമൃദ്ധിയും നൽകുന്ന മാതൃഭൂമിയെ ആരാണ് അഭിവാദ്യം ചെയ്യാതിരിക്കുന്നത് ? ഈ ഗീതത്തിന്റെ അർഥം മനസ്സിലാക്കുമ്പോൾ ഭാരത ഭൂമിയെക്കുറിച്ചുള്ള അഭിമാനത്താൽ നമ്മുടെ ഹൃദയം നിറയുന്നു.

വന്ദേ മാതരം എന്ന ദേശീയ മഹാമന്ത്രം ബങ്കിംചന്ദ്ര ചാറ്റർജി (ചട്ടോപാധ്യായ്) 1875 നവംബർ 7-നാണ് രചിച്ചത്. അദ്ദേഹം ഭാരതത്തിലെ ഒരു വലിയ കവിയും നോവലിസ്റ്റുമായിരുന്നു. അന്ന് കാർത്തിക മാസത്തിലെ നവമിയായിരുന്നു. ആനന്ദമഠം എന്ന ബങ്കിം ചന്ദ്രജിയുടെ കൃതിയിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുള്ളത്.

1905-ൽ കഴ്സൺ പ്രഭു ബംഗാളിന്റെ വിഭാജനം പ്രഖ്യാപിച്ചു. സാധരണക്കാർ ഇതിനെതിരെ പ്രക്ഷോഭം നടത്തി. ഈ രണ്ടു വാക്കുകൾ ഓരോരുത്തരുടെയും മുദ്രാവാക്യം ആയി. അതിനാൽ ഈ വാക്കുകൾ ബ്രിട്ടീഷുകാരെ കുപിതരാക്കി. അക്കാലത്ത് സ്വാതന്ത്യ്ര സമരവുമായി ബന്ധപ്പെട്ട ഏതൊരു പരിപാടിയും വന്ദേ മാതരം എന്നീ രണ്ടു വാക്കുകളോടുകൂടിയാണ് അവസാനിക്കാറുള്ളത്.

വന്ദേ മാതരം രചിച്ചിട്ട് 146 വർഷങ്ങൾ ആയിട്ടുണ്ടെങ്കിലും അത് ഇന്നും ലോകത്തുള്ള ജനപ്രിയമായ ഗാനങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ബങ്കിംചന്ദ്ര ചാറ്റർജി സ്വയം ഈ ഗാനത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു, ഓരോ ഭാരതീയനും ഭാവിയിൽ ഈ ഗീതം വേദമന്ത്രങ്ങളെപ്പോലെ ആലപിക്കും. അദ്ദേഹത്തിന്റെ പ്രവചനം ഇന്ന് സത്യമായി മാറിയിരിക്കുന്നു. ഈ ഗാനത്തെ പലരും പ്രതിഷേധിക്കുന്നുണ്ടെങ്കിലും ഗാനത്തിന്റെ ജനപ്രിയത ഒട്ടും തന്നെ കുറഞ്ഞിട്ടില്ല.

1937-ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങിൽ ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്തുവാൻ ഈ ഗീതത്തിലെ ചില ഭാഗങ്ങൾ കുറയ്ക്കുവാൻ തീരുമാനിച്ചു. ഇന്ത്യ റേഡിയോയിലും ഈ ഗീതം ആലപിക്കുന്നതിന് വിലക്കുണ്ടായി. അന്ന് അതിനെതിരെ തന്റെ ശബ്ദം ഉയർത്തിയ മഹാനായ ഗായകനായിരുന്നു മാസ്റ്റർ കൃഷ്ണറാവ്. ഈ ഗാനം പാടാനുള്ള അനുവാദമില്ലെങ്കിൽ ഞാൻ ഒരു ഗാനവും പാടുകയില്ല, എന്ന് പറഞ്ഞ് റാവ് പ്രതിഷേധിച്ചതു കാരണം ഒടുവിൽ വന്ദേ മാതരം ആലപിക്കുന്നതിനുള്ള വിലക്ക് മാറ്റേണ്ടി വന്നു.

ഇന്നും പലരും ഈ ഗാനത്തെ നിഷേധിക്കുന്നു, ഈ ഗീതം പരിപാടികളിൽ ആലപിക്കുന്നതിനെ എതിർക്കുന്നു, അല്ലെങ്കിൽ ഈ ഗാനത്തിലെ ചില ഭാഗങ്ങൾ മാത്രമേ പാടുന്നുള്ളൂ. ഭാരതത്തിന്റെ നിർഭാഗ്യം എന്നു പറയാം, ഇന്നും പല ഭാരതീയരും ഈ ഗീതം മുഴുവനായും കേട്ടിട്ടു പോലുമില്ല. ആയിരക്കണക്കിന് സ്വാതന്ത്യ്ര സമര സേനാനികൾക്ക് പോരാടാൻ പ്രചോദനം നൽകിയ ഗാനം ഇന്ന് അവഗണിക്കപ്പെട്ടിരിക്കുന്നു. ഈ സ്ഥിതിയെ ഇനി എങ്കിലും മാറ്റി എടുക്കണം. വന്ദേ മാതരം എന്ന ഗീതവും അതിന്റെ അർത്ഥവും ഓരോ ഭാരതീയൻ വരെയും എത്തിക്കുവാൻ നമുക്ക് ശമ്രിക്കാം.

സമ്പൂർണ്ണ വന്ദേ മാതരം, അർത്ഥസഹിതം ചുവടെ

⛳ വന്ദേ മാതരം

വന്ദേ മാതരം
സുജലാം സുഫലാം മലയജശീതളാം
സസ്യശ്യാമളാം മാതരം.
വന്ദേ മാതരം

ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം, വന്ദേ മാതരം.

കോടി-കോടി-കണ്ഠ-കള-കള-നിനാദ-കരാളേ,
കോടി-കോടി-ഭുജൈർധൃത-ഖരകരവാളേ,
കേ ബോലേ മാ തുമി അബലേ.
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം. വന്ദേ മാതരം.
തുമി വിദ്യാ, തുമി ധർമ, തുമി ഹൃദി, തുമി മർമ
ത്വം ഹി പ്രാണാഃ ശരീരേ, ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി, തോമാരൈ പ്രതിമാ ഗഡി മന്ദിരേ-മന്ദിരേ
മാതരം. വന്ദേ മാതരം.

ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണി വിദ്യാദായിനീ, നമാമി ത്വാം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം. വന്ദേ മാതരം.

ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം. വന്ദേ മാതരം.

  • ബങ്കിംചന്ദ്ര ചാറ്റർജി (ചട്ടോപാധ്യായ്)

⛳ വന്ദേ മാതരം ഗീതത്തിന്റെ ആന്തരാർഥം

അമ്മേ, ഞാൻ നിന്നെ വണങ്ങുന്നു.

ജലം, ധാന്യം എന്നിവയാൽ സമൃദ്ധമായ ദക്ഷിണ ഭാരതത്തിലെ മലയ പർവതങ്ങളിൽ നിന്നും വരുന്ന വായു തരംഗങ്ങളാൽ അങ്ങ് ശീതളമാകുകയും വിപുലമായ കൃഷിയാൽ ശ്യാമളവർണവും ധരിച്ചിരിക്കുന്ന അമ്മേ... ! 

ശുഭ്രമായ നിലാവാൽ പ്രഫുല്ലമാകുന്ന രാത്രികൾ, വിരിഞ്ഞ പുഷ്പങ്ങളുടെയും വൃക്ഷ ലതാദികളുടെയും വസ്ത്രങ്ങൾ ധരിച്ച് സുശോഭിതമായിരിക്കുന്നു ഈ ഭൂമി. എന്നും പുഞ്ചിരിക്കുകയും മധുര സംഭാഷണം നടത്തുകയും സുഖം പ്രദാനം ചെയ്യുന്ന വരദായിനി അമ്മേ !

കോടി കോടി ജനങ്ങൾ ഗർജ്ജിക്കുമ്പോഴും കോടി കോടി ജനങ്ങളുടെ കൈകളിൽ വാൾ തിളങ്ങുന്നത് കാണുമ്പോഴും, നീ അബലയാണ് എന്ന് പറയുവാൻ ആര് ധൈര്യപ്പെടും ? അമ്മേ നീ അപാര ശക്തിയുള്ളതാണ്. ശത്രുക്കളെ പരാജയപ്പെടുത്തി ഞങ്ങൾ കുട്ടികളെ രക്ഷിക്കുന്ന അമ്മേ, ഞാൻ വന്ദിക്കുന്നു.

അമ്മ തന്നെയാണ് ജ്ഞാനവും, ധർമവും, ഞങ്ങളുടെ അന്തഃകരണവും ലക്ഷ്യവും. അങ്ങ് തന്നെയാണ് ഞങ്ങളുടെ പ്രാണനും ഞങ്ങളുടെ കൈകളിലെ ശക്തിയും. ക്ഷേത്രത്തിൽ നാം  പൂജിക്കുന്ന ദേവതകൾ അമ്മയുടെ തന്നെ വിവിധ രൂപങ്ങളാണ്.

പത്തു കൈകളിലും ശസ്ത്രങ്ങൾ ധരിക്കുന്ന ശത്രുസംഹാരിണി ദുർഗയും താമരകളോടുകൂടി സരോവരത്തിൽ വസിക്കുന്ന ലക്ഷ്മീ ദേവിയും അങ്ങ് തന്നെയാണ്. വിദ്യാദായിനി സരസ്വതി ദേവിയും അമ്മ തന്നെ. അമ്മയെ ഞാൻ നമസ്കരിക്കുന്നു, വന്ദിക്കുന്നു. ഐശ്വര്യദായിനി, പവിത്രമായ ജലത്താലും ധാന്യങ്ങളാലും സമൃദ്ധമായ ജനനീ, അവിടുത്തെ സവിശേഷതകൾ വർണിക്കുവാൻ അസാധ്യമാണ്, അമ്മയുടെ മഹാത്മ്യത്തിന് അതിരില്ല. ഹേ ജനനി, ഞാൻ അങ്ങയെ വന്ദിക്കുന്നു.

അമ്മേ, അമ്മയുടെ നിറം ശ്യാമവർണമാണ്. അമ്മയുടെ ചാരിത്യ്രം പവിത്രമാണ്. അമ്മയുടെ മുഖം മനോഹരമായ പുഞ്ചിരിയാൽ സുശോഭിതമാണ്. സർവാലങ്കാര ഭൂഷിതമായ ജനനിയുടെ കാഴ്ച എത്ര മനോഹരമാണ് ! ഞങ്ങളെ പരിപാലിക്കുന്ന അമ്മേ, ഞങ്ങൾ അവിടുത്തെ പാദങ്ങളിൽ വണങ്ങുന്നു !

വന്ദേ മാതരം എന്ന ഗീതത്തിൽ ഭാരത മാതാവിനെ എത്ര മനോഹരമായാണ് വർണിച്ചിരിക്കുന്നത് ! ഈ ഗീതം കേൾക്കുമ്പോൾ നമുക്ക് നമ്മുടെ ഈ മാതൃഭൂമിയോട് ബഹുമാനവും അഭിമാനവും തോന്നും. ഈ ഗീതത്തിന് രാഷ്ട്രീയ തലത്തിൽ അംഗീകാരം ലഭിക്കേണ്ടതല്ലെ? 

വന്ദേ മാതരത്തിന്റെ മൂല്യം മനസ്സിലാക്കി ഈ ഗീതത്തിന് അതിന്റെ പുനർവൈഭവം വരുത്തിക്കൊടുക്കുവാനായി നമുക്ക് ഇക്കാര്യങ്ങൾ ചെയ്യാം :

  1. നമ്മളുടെ ജോലി സ്ഥലം, ഫ്ലാറ്റ് എന്നിവിടങ്ങളിൽ വന്ദേ മാതരം ഒരുമിച്ച് ആലപിക്കുവാൻ ശമ്രിക്കുക.
  2. വിദ്യാലയങ്ങളിൽ ഈ ഗീതം ആലപിക്കുന്നത് നിർബന്ധമാക്കുക.
  3. ഏതൊരു സ്വകാര്യമോ പൊതു പരിപാടിയോ ഈ ഗീതം ആലപിച്ചുകൊണ്ട് ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യുക.
  4. ഈ ഗാനത്തെ അപമാനിക്കുന്നത് അല്ലെങ്കിൽ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് സ്വയം ഒഴിവാക്കുകയും മറ്റുള്ളവരെ ഇങ്ങനെ ചെയ്യുന്നതിൽ നിന്നും തടയുകയും ചെയ്യുക.
  5. ഈ ഗീതത്തെ എതിർക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ ഇവയെ ബഹിഷ്കരിക്കുക!

വന്ദേ മാതരം എന്നത് ഭാരതീയ സ്വാതന്ത്യ്രത്തിന്റെ മൂലമന്ത്രമാണ്.
അത് പൂർണമായി ചൊല്ലുന്നത് ഓരോ ഭാരതീയന്റെയും കർത്തവ്യമാണ്!

Related Articles

Latest Articles