അബുദാബി: പുരോഹിതന്മാരുടെ നേതൃത്വത്തിൽ അബുദാബി ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 2017ൽ പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. ബോചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത(ബിഎപിഎസ്) ക്ഷേത്രം എന്നാണ് അബുദാബിയിലെ ഈ ക്ഷേത്രം അറിയപ്പെടുക. ക്ഷേത്രം ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും മാർച്ച് ഒന്നിന് മാത്രമേ വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയുള്ളൂ.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയാദ് അയ് നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് കൊണ്ട് അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.
അറബ് രാഷ്ട്രത്തിൽ ഇത്തരത്തിൽ ഒരു ക്ഷേത്രം സാധ്യമാക്കിയതിൽ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനോട് നന്ദിയറിച്ചു. ഇന്ത്യയോടുള്ള സ്‌നേഹവും ആദരവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും മോദി പറഞ്ഞു.

