Saturday, May 18, 2024
spot_img

അറിയണം… കമ്പരാമായണത്തിന്റെ മഹാത്മ്യം

അറിയണം… കമ്പരാമായണത്തിന്റെ മഹാത്മ്യം | RAMAYANA

രാമായണ കഥയുടെ വിവിധ ഭേദങ്ങളുള്ളതിൽ‍ ഏറ്റവും പ്രചാരത്തിലുള്ളത് കമ്പരാമായണമാണ്. കമ്പരാമായണത്തെ അധികരിച്ചാണ് പ്രാദേശികമായ വിവിധ രാമായണ ഭാഷ്യങ്ങൾ‍ രൂപപ്പെട്ടിരിക്കുന്നത്. കമ്പരാമായണമെഴുതിയ കമ്പരെക്കുറിച്ചുള്ള ഐതിഹ്യവും, ചരിത്രവും.

സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്റെ പ്രഹരമേറ്റതോടെ ലങ്കാലക്ഷ്മി ലങ്കവിട്ടു. ലങ്കാലക്ഷ്മി കാളിയുടെ രൂപാന്തരമായിരുന്നു. ശ്രീകാളി ‘രാമരാവണയുദ്ധം’ കാണാൻ‍ തനിക്ക് ഭാഗ്യം കിട്ടാഞ്ഞതിലെ കുണ്ഠിതം ശ്രീപരമേശ്വരനെ അറിയിച്ചു. ശിവൻ‍ ദേവിയെ സ്വാന്തനപ്പെടുത്തിയത് ഇങ്ങനെയാണത്രെ: നീ ദ്രാവിഡനാട്ടിൽ‍ച്ചെന്ന് അവിടെയുള്ള ‘സ്വയംഭൂലിംഗ’ ക്ഷേത്രത്തിൽ‍ അധിവാസമുറപ്പിക്കുക; ഞാ‍ൻ അവിടെ ‘കമ്പ’രായി അവതരിച്ച് തമിഴ് ഭാഷയി‍ൽ രാമായണം രചിച്ച് ‘പാവക്കൂത്ത്’ നടത്തിക്കാം; അപ്പോൾ‍ നിനക്ക്, കാണുന്നതിനേക്കാൾ‍ വ്യക്തമായും ഭംഗിയായും സമ്പൂർ‍ണമായും ശ്രീരാമകഥ വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.

ശ്രീകാളീദേവി തിരുവണ്ണനല്ലൂർ‍ സ്വയം ഭൂലിംഗക്ഷേത്രത്തിൽ‍ ആവാസമുറപ്പിച്ചു. ക്ഷേത്ര സമീപത്ത് ‘ശങ്കരനാരായണൻ‍’ എന്ന ഒരു പണ്ഡിതശ്രേഷ്ഠൻ‍ താമസിച്ചിരുന്നു. ഭാര്യയായ ‘ചിങ്കരവല്ലി’ സന്താനലബ്ധിക്ക് സ്വയംഭൂലിംഗദേവനെ (ശിവനെ) ആരാധിച്ചുപോന്നു. ശ്രീമഹാദേവ‍ൻ, മുൻ‍ നിശ്ചയമനുസരിച്ച് അവതരിച്ചു. അപവാദശങ്കിതയായ വല്ലി സ്വസന്താനത്തെ ക്ഷേത്ര സങ്കേതത്തിൽ‍ ഉപേക്ഷിച്ച് പോയി. ആ കുട്ടിയെ ഗണേശകൗണ്ടർ‍ എന്ന ഒരാൾ‍ എടുത്ത് ‘ജയപ്പവള്ളൻ‍’ എന്ന കൗണ്ടപ്രമാണിയെ ഏൽ‍പ്പിച്ചു. അപുത്രനായിരുന്ന കൗണ്ടപ്രമാണി ആ ശിശുവെ സ്വപുത്രനായി സ്വീകരിച്ച് വള‍ർത്തി. കൊടിമരക്കമ്പത്തിന്റെ ചുവട്ടി‍ൽക്കിടന്നു കിട്ടിയ ശിശുവിന് ‘കമ്പൻ‍’ എന്ന് പേരിട്ടു. ബാല്യത്തി‍ൽത്തന്നെ അതിബുദ്ധിമാനായിരുന്ന കമ്പൻ‍ പ്രകൃത്യാ അലസനായിരുന്നെങ്കിലും യുവാവായപ്പോ‍ൾ അതിപണ്ഡിതനായി, കമ്പരെന്നറിയപ്പെട്ടു. ഒരിക്കൽ‍ ചോളരാജാവ്. കമ്പരോടും കവിസദസ്സിലെ മറ്റൊരംഗമായ ‘ഒട്ടക്കൂത്ത’നോടും രാമകഥ തമിഴ്ക്കവിതയായി നി‍ർമിക്കാ‍ൻ ഏ‍ർപ്പാട് ചെയ്തു. സേതുബന്ധനംവരെ ഒട്ടക്കൂത്തനും യുദ്ധപ്രകരണം കമ്പരും നിർ‍മിക്കണമെന്നായിരുന്നു രാജ നിർ‍ദ്ദേശം ആറുമാസംകൊണ്ട് നിർ‍വഹിച്ചു.

എന്നാൽ കമ്പർ‍ ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. വിവരമറിഞ്ഞ രാജാവ് ‘നാളെത്തന്നെ രാമായണകൃതി സദസ്സിൽ‍ വായിച്ചു കേൾ‍പ്പിക്കണ’മെന്ന് ഉത്തരവായി അന്നുതന്നെ ഒരു രാത്രികൊണ്ട് കവിതയെഴുതിത്തീർക്കാനിരുന്ന കമ്പർ‍ ഒന്നും എഴുതാതെ ഉറങ്ങിപ്പോയി. വെളുപ്പിന് ഉണ‍ർന്നപ്പോ‍ൾ, ഏതോ ഒരു ദിവ്യാകൃതി തിരോധാനം ചെയ്യുന്നതുകൊണ്ട് ‘വഴുതിവെടിഞ്ചുതേ അംബാ’ എന്ന് കമ്പർ‍ കുണ്ഠിതപ്പെട്ടപ്പോൾ‍ ‘എഴുതി മടിഞ്ചുതേ കമ്പാ’ എന്ന് ആ ദിവ്യാകൃതി അരുളിച്ചെയ്തിട്ട് ഉടൻ‍ അപ്രത്യക്ഷയായി. കമ്പർ‍ നോക്കിയപ്പോൾ‍ രാമായണം പൂ‍ർണമായി എഴുതിവച്ചിരിക്കുന്നു. ചെയ്തത് വാഗ്‌ദേവതയായ ശാരദാഭഗവതിയാണെന്നനുമാനിച്ച് കമ്പ‍ർ കൃതി രാജസദസ്സി‍ൽ പാടി, കേട്ടവർ‍ ആശ്ചര്യ ഭരിതരായി. പിന്നീട് രാജക‍ൽപ്പനയനുസരിച്ച് ദേവാലയത്തിലെ ദേവീപ്രതിഷ്ഠയുടെ സന്നിധാനത്തിൽ‍ യുദ്ധകാണ്ഡകഥ നടത്തിത്തുടങ്ങി. അങ്ങനെയാണ് കമ്പരെക്കുറിച്ചുള്ള പ്രധാനമായ ഒരൈതിഹ്യം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles