തൃശ്ശൂർ: ഹണിട്രാപ്പിലൂടെ പത്ത് ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ചേലക്കര സ്വദേശിനി മിനി ആണ് ഈസ്റ്റ് പോലീസിന്റെ പിടിയില്‍ ആയത്. തൃശൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ആണ് അറസ്റ്റ്. യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട യുവതി അടുപ്പം നടിച്ചു. ഇവര്‍ ഒരുമിച്ച് ഷൊര്‍ണൂരിലെയും തൃശ്ശൂരിലെയും മുറികളില്‍ താമസിച്ചു. ഇതിനിടെ യുവാവിന് ജ്യൂസിൽ മയക്കു മരുന്നു കലര്‍ത്തി നല്‍കിബോധം കെടുത്തിയശേഷം നഗ്ന ചിത്രം എടുക്കുകയായിരുന്നു.
ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയും മൂന്നര പവന് സ്വര്‍ണവും തട്ടിയെടുത്തു. വീണ്ടും യുവതി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.
ഈസ്റ്റ് എസ്.എച്ച് ഒ പി.ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മിനിയെ അറസ്റ്റ് ചെയ്തത്. 10 ലക്ഷം രൂപ നല്‍കാം എന്നു പറഞ്ഞു വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മിനി സമാനരീതിയില്‍ നേരത്തെ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

