കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലി കേസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇലന്തൂരിൽ താമസിക്കുന്ന ദമ്പതിമാരായ ഭഗവൽ സിംഗും ലൈലയും പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് ഷിഹാബുമാണ് മനുഷ്യബലിയ്‌ക്ക് പിന്നിൽ പ്രവൃത്തിച്ചത്. കടവന്ത്ര സ്വദേശിയായ പത്മ,കാലടിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ റോസ്ലി എന്നിവരെയാണ് തലയറുത്ത് അതിക്രൂരമായി കൊലപ്പെടുത്ത ത്.
ഏജൻറ് ഷിഹാബ് ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെയാണ് ദമ്പതിമാരെ പരിചയപ്പെടുന്നതും മനുഷ്യബലിയ്‌ക്ക് വേണ്ടി പ്രേരിപ്പിക്കുകയും ചെയ്തത്. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഏജന്റ് വിശ്വസിപ്പിച്ചു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ധനസമ്പാദനം ഉണ്ടാകുമെന്നാണ് വാഗ്ദാനം നൽകിയത്.
തുടർന്ന്, ഇടതുപക്ഷ അനുഭാവികളായ ദമ്പതിമാർ മനുഷ്യബലിയ്‌ക്ക് തുനിയുകയായിരുന്നു. പത്തനംതിട്ടയിൽ വെച്ചാണ് മനുഷ്യബലി നടത്തിയത്. സ്ത്രീകളെ കൊച്ചിയിൽനിന്ന് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയിൽ എത്തിച്ച് കൊന്ന് കുഴിച്ചിട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായി കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആർ.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയിൽ എത്തി.
ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാനില്ല എന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു . പരാതിയിലെ തുടർ അന്വേഷണത്തിലാണ് നരബലിയുടെ വിവിരങ്ങള്‍ പുറത്ത് വന്നത്. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡിഒ അടക്കമുള്ള സംഘം തിരുവല്ലയിലേക്ക് എത്തും.
രണ്ട് പേരുടെയും മൃതദേഹം കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തിൽ നരബലി നടന്ന സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ദില്ലിയിലടക്കം ഇത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തിൽ നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

