Saturday, October 10, 2026

അത്താഴം വിളമ്പാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലി: അത്താഴം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലിയിലെ സുൽത്താൻപൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. സുൽത്താൻപൂർ സ്വദേശിയായ വിനോദ് കുമാർ ദുബെയാണ് അറസ്റ്റിലായത്. മർദ്ദനത്തിന് ശേഷം ഇയാൾ മൃതദേഹത്തിനൊപ്പം തന്നെ കിടന്നുറങ്ങി. ഉറക്കമുണർന്നതിന് ശേഷമാണ് ഭാര്യ മരിച്ചതായി പോലും അറിയുന്നത്.

കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന പണവുമായി ദില്ലിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ദില്ലി അതിര്‍ത്തിയില്‍ നിന്നും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജൂൺ 17ന് രാവിലെ 9.30ന് വിനോദ് കുമാർ ദുബെ തന്റെ ഭാര്യ സൊണാലി ദുബെയെ കൊലപ്പെടുത്തിയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തിൽ ഭാര്യയെ തലയണയുടെ സഹായത്തോടെ അടിച്ചും ഞെരിച്ചും കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 259, 202, 302 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇയാള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുമാർ ദുബെയെ അറസ്റ്റ് ചെയ്തത്, ദില്ലി പോലീസ് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( സൗത്ത്) പവൻകുമാർ പറഞ്ഞു.

Related Articles

Latest Articles