Saturday, April 27, 2024
spot_img

അവരെ ഇപ്പോഴും ഞാൻ ശ്ലാഘിക്കുന്നു ; അല്ലെങ്കിൽ നവകേരള ബസ് ഇടിച്ച്… പിന്നീടൊരു വാക്കുണ്ട്, അത് പൂരിപ്പിക്കേണ്ടല്ലോ ? ഡിവൈഎഫ്ഐ പ്രവർത്തകരെ വീണ്ടും ന്യായീകരിച്ച് പിണറായി വിജയൻ

കൽപ്പറ്റ : കണ്ണൂർ പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ വീണ്ടും പ്രശംസിച്ചും ന്യായീകരിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഡിവൈഎഫ്‌ഐ നടത്തിയതു ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ്. താൻ അത് കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വധശ്രമത്തിനു ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്തല്ലോ എന്ന ചോദ്യത്തിന്, അതു രണ്ടും രണ്ടാണെന്നും ഡിവൈഎഫ്‌ഐക്കാര്‍ അങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തിയതു കൊണ്ടാണല്ലോ പിന്നീടുള്ളതു സംഭവിച്ചതെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്റെ കൺമുന്നിൽപ്പെട്ട കാര്യങ്ങളാണിത്. ബാക്കിയുള്ളതിനൊക്കെ അവസരം കിട്ടിയത് എന്തുകൊണ്ടാണ് ? ഇവർ രക്ഷപ്പെട്ടതു കൊണ്ടല്ലേ ? രക്ഷപ്പെട്ടില്ലെങ്കിൽ എന്താണ് സംഭവിക്കുക? നവകേരള ബസ് ആളെ ഇടിച്ചു, പിന്നീടൊരു വാക്കുണ്ട്. അത് ഞാൻ പൂരിപ്പിക്കേണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഇടപെടൽ നടത്തിയവരെക്കുറിച്ചാണ് പറയുന്നത്. ആ ഇടപെടൽ നടത്തിയവരെ ഇപ്പോഴും ഞാൻ ശ്ലാഘിക്കുകയാണ്. കാരണം, അത് ശരിയായ രീതിയാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അല്ലെങ്കിൽ അവർ ബസ് തട്ടി മരിക്കും. അതില്ലാതായി, അതു നല്ല കാര്യമാണ്. എങ്ങനെയാണത് ആക്രമണത്തിനുള്ള പ്രോത്സാഹനമാവുക എന്നും ഇങ്ങനെ വന്നാൽ അത്തരമാളുകളെ, ഒരു ചിന്തയുമില്ലാതെ, ഡിവൈഎഫ്ഐയോ യൂത്ത് കോൺഗ്രസോ എന്ന ഭേദമില്ലാതെ, ഒരാൾ അപകടത്തിൽപ്പെടുമ്പോൾ രക്ഷിക്കുകയെന്നത് അക്രമത്തിനുള്ള പ്രോത്സാഹനമാണോ എന്നുമാണ് മുഖ്യമന്ത്രിയുടെ ചോദ്യം.

അതേസമയം, ബസിന് മുന്നിലേക്ക് എടുത്തു ചാടിയ യൂത്ത് കോൺഗ്രസുകാരുടെ ജീവൻ രക്ഷിക്കുന്ന മാതൃകാപ്രവർത്തനമാണ് ഡിവൈഎഫ്ഐക്കാർ നടത്തിയതെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചതിന് പഴയങ്ങാടി പൊലീസ് 14 ഡിവൈഎഫ്ഐക്കാർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കൂടാതെ, കരിങ്കൊടി കാണിച്ച 6 യൂത്ത് കോൺഗ്രസുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles