'Mamata will not grow hair unless she is out': She shaved her head with a fierce oath
ബാഗ്‌ച്ചിയുടെ തല മുണ്ഡനം ചെയ്യുന്നു

കൊൽക്കത്ത : നിലവിലെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷയുമായ മമത ബാനർജി അധികാരത്തിൽനിന്നു പുറത്താകുന്നതുവരെ മുടി വളർത്തില്ലെന്ന ഉഗ്ര ശപഥമെടുത്ത് കോൺഗ്രസ് വക്താവും അഭിഭാഷകനുമായ കൗസ്തവ് ബാഗ്ചി. കഴിഞ്ഞ ദിവസം മമതയ്ക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിന് ബാഗ്ചി അറസ്റ്റിലായിരുന്നു. കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ബംഗാളിലെ ഒട്ടേറെ കോൺഗ്രസ് നേതാക്കളെ സാക്ഷിനിർത്തി ബാഗ്ചിയുടെ ശപഥം.

‘തല മുണ്ഡനം ചെയ്യുന്നത് എന്റെ പ്രതിഷേധത്തിന്റെ അടയാളമാണ്. മമത ബാനർജിയെ സ്ഥാനഭ്രഷ്ടയാക്കുന്നതുവരെ ഞാൻ തലയിൽ മുടി വളർത്തില്ല’ – ബാഗ്ചി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബംഗാളിൽ സാഗർദിഗ്ഗി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായും സിപിഎമ്മുമായും സഖ്യമുണ്ടാക്കിയാണ് കോൺഗ്രസ് ജയിച്ചതെന്നു മമത ആരോപിച്ചിരുന്നു. മാത്രമല്ല പിസിസി അദ്ധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരിക്കെതിരെ വ്യക്തിപരമായ ആക്ഷേപവും മമത ഉന്നയിച്ചിരുന്നതായാണു കോൺഗ്രസ് അവകാശപ്പെടുന്നത്. മമതയുടെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയാണ് ബാഗ്ചി നൽകിയത്.

ബർട്ടോല പൊലീസ് സ്റ്റേഷനിൽ ബാഗ്ചിക്കെതിരെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പുലർച്ചെ 3ന് വീട്ടിലെത്തിയ പോലീസ് കലാപശ്രമം മുതൽ ഗൂഢാലോചന വരെ വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.