Friday, May 3, 2024
spot_img

വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു, ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത;ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: അന്തരിച്ച ഇന്ത്യൻ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലതാ മങ്കേഷ്‌കറിന്റെ വിയോഗം തന്നെ ദുഃഖത്തിലാഴ്‌ത്തിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘വാക്കുകൾക്ക് അതീതമായി ഞാൻ വേദനിക്കുന്നു. ദയയും കരുതലും ഉള്ള ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് ലതാ മങ്കേഷ്‌കർ യാത്രയായത്. വരും തലമുറകൾ ദീദിയെ ഇന്ത്യൻ സംസ്‌കാരത്തിന്റെ അഗ്രഗണ്യയായി ഓർക്കും, ലതാ ദീദിയുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ മയക്കാനുള്ള സമാനതകളില്ലാത്ത കഴിവുണ്ടായിരുന്നു’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കൂടാതെ ലതാ ദീദിയിൽ നിന്ന് എനിക്ക് എല്ലായ്‌പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് എന്റെ ഭാഗ്യമായി കരുതുന്നു. ദീദിയുടെ വിയോഗത്തിൽ ഞാൻ ദുഃഖിക്കുന്നു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ 9.45ഓടെയാണ് ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ.

കഴിഞ്ഞ ദിവസം ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Related Articles

Latest Articles