Wednesday, May 1, 2024
spot_img

‘എന്റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടില്ല’; പാകിസ്ഥാൻ സൈനിക മേധാവിക്കെതിരെ വധഭീഷണി മുഴക്കി ഇമ്രാൻ ഖാൻ

ഇസ്ലമാബാദ്: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ. തടവിൽ കഴിയുന്ന തന്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ അസിം മുനീറിനെ ജീവനോടെ വിടില്ലെന്നാണ് ഇമ്രാൻ ഖാന്റെ ഭീഷണി. ജയിലിൽ വച്ച് മാദ്ധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇമ്രാഖാൻ ഭീഷണി മുഴക്കിയത്.

‘ബുഷ്‌റ ബീവിയെ തടങ്കലിലാക്കിയതിൽ മുഖ്യപങ്കും അസിം മുനീറിനാണുള്ളത്. അയാളുടെ ഇടപെടലാണ് എന്റെ ഭാര്യയെ ശിക്ഷിക്കുന്നതിലേക്ക് വഴിവച്ചത്. ജയിലിൽ അവളുടെ ആരോഗ്യനില മോശമായി തുടരുന്നു. ബുഷ്‌റയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ അസിം മുനീറിനെ ജീവനോടെ വിടില്ല. ഞാൻ അദ്ദേഹത്തിന്റെ ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നിയമത്തിന് മുന്നിൽ തുറന്നു കാണിക്കും’ എന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.

കാട്ടിലെ നിയമങ്ങൾക്കനുസൃതമായാണ് ഇന്ന് പാകിസ്ഥാനിലെ ഭരണം. അതായത് കാട് ഭരിക്കുന്നത് എപ്പോഴും ഒരു രാജാവായിരിക്കും. ഇവിടെ അത് നവാസ് ഷെരീഫാണ്. അയാൾ ആവശ്യപ്പെടുമ്പോൾ തനിക്കും ഭാര്യയ്‌ക്കും വേഗത്തിൽ ശിക്ഷ വിധിക്കുന്നുവെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. നിലവിൽ ഇസ്ലാമാബാദിലെ ജയിലിലാണ് ബുഷ്‌റാ ബീവിയും ഇമ്രാൻ ഖാനും.

190 മില്യൺ പൗണ്ടിന്റെ തോഷഖാന കേസിലും ഇസ്ലാം നിയമങ്ങൾ അനുസരിക്കാതെ ഇമ്രാൻ ഖാനെ വിവാഹം ചെയ്ത സംഭവത്തിലുമാണ് ബുഷ്‌റ ബീവിക്ക് ശിക്ഷ വിധിച്ചത്. എന്നാൽ ഭാര്യയെ വിഷം നൽകി സൈനിക മേധാവി കൊലപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം.

Related Articles

Latest Articles