Thursday, May 2, 2024
spot_img

“കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ! സ്വന്തം നിഴല്‍ കണ്ടാല്‍ പോലും പേടിക്കുന്നത്രയും ഭീരുവാണ് മുഖ്യമന്ത്രി!” – പ്രതിപക്ഷനേതാവ് വി ഡി സതീശൻ

നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിയെയും പരിവാരങ്ങൾക്കുമെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി കൊടുക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും പേടിക്കുന്നത്രയും ഭീരുവാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

“പ്രതിപക്ഷ സമരത്തോടുള്ള അസഹിഷ്ണുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാപ്പ പ്രകാരം ജയില്‍ അടക്കേണ്ടവരാണ് മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ഉപജാപക സംഘമാണ്. വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. വെയില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രി പുറത്തിറങ്ങരുത്. സ്വന്തം നിഴല്‍ കണ്ടാല്‍ പോലും അദ്ദേഹം പേടിക്കും അത്രക്ക് ഭീരുവാണ് മുഖ്യമന്ത്രി

വലിയ അഴിമതിയാണ് നവകേരള യാത്രയുടെ മറവില്‍ നടന്നത്. പരാതികള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കുകയാണ്. നവകേരള സദസ്സിലൂടെ ഏത് പ്രശ്‌നമാണ് പരിഹരിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഖജനാവ് താഴിട്ട് പൂട്ടിയിരിക്കുകയാണെന്നും സദസ്സ്‌ ഉപയോഗിച്ചത് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനാണ്.” – വി.ഡി.സതീശന്‍ പറഞ്ഞു.

“സ്വതന്ത്രപാലസ്തീനായുള്ള ശക്തമായ നിലപാടെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി പ്രമേയമാണിത്. ആര്‍ക്കും ഇതില്‍നിന്ന് വ്യത്യസ്തമായ അഭിപ്രായം പറയാന്‍പറ്റില്ല. ശശിതരൂര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. വിവാദം ആവശ്യമില്ല” – ഹമാസ് വിഷയത്തില്‍ ശശിതരൂരിന്റെ നിലപാടിനെകുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സതീശൻ മറുപടി നൽകി.

Related Articles

Latest Articles