Tuesday, May 7, 2024
spot_img

പ്രാർത്ഥനകൾ ഫലം കണ്ടു; വാവ സുരേഷിൻ്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി; ഹൃദയമിടിപ്പും രക്ത സമ്മർദവും സാധാരണ ഗതിയിലായെന്ന് ഡോക്ടർമാർ

കോട്ടയം: വാവ സുരേഷിൻ്റെ (Vava Suresh) ആരോ​ഗ്യനിലയിൽ പുരോ​ഗതിയെന്ന് ഡോക്ടർമാർ. ഹൃദയമിടിപ്പും രക്ത സമ്മർദവും സാധാരണ ഗതിയിൽ ആയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ
അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

എന്നാൽ ഇപ്പോൾ തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ ഗതിയിൽ ആയി. ഇന്നലെ തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ന്യൂറോ, കാർഡിയാക് വിദഗ്ധർമാർ അടങ്ങുന്ന അഞ്ചംഗ സംഘത്തിന്‍റെ പ്രത്യേക മേൽനോട്ടത്തിലാണ് സുരേഷിന്‍റെ ചികിത്സ. കോട്ടയം കുറിച്ചി നീലംപേരൂർ വെച്ചായിരുന്നു ഇന്നലെ വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ തുടയിൽ കടിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം രണ്ടാഴ്ച മുൻപാണ് വാവാ സുരേഷിന് വാഹനാപകടത്തിൽ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തൻകോട്ട് വച്ചുണ്ടായ വാഹനാപകടത്തിൽ വാവാ സുരേഷിൻ്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാർജ്ജായിവീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്. സുരേഷിനായി കേരളം ഒന്നടങ്കം കഴിഞ്ഞ ദിവസം മുതൽ പ്രാർത്ഥനയിലാണ്.

Related Articles

Latest Articles