Sunday, May 19, 2024
spot_img

ഇമ്രാന്റെ പതനം ആസന്നം? കസേര ഉറപ്പിക്കാന്‍ നെട്ടോട്ടമോടി പാക് പ്രധാനമന്ത്രി

കറാച്ചി: പ്രധാനമന്ത്രി കസേര ഉറപ്പിക്കാന്‍ നെട്ടോട്ടമോടി ഇമ്രാൻ ഖാൻ(Imran Khan). ഒന്നുകിൽ അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു ഇമ്രാൻ ഖാന് മുന്നിൽ. എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയാണ് ഇമ്രാൻ നോക്കുന്നത്.

എന്നാൽ ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്. മാർച്ച് എട്ടിനാണ് നൂറോളം പ്രതിപക്ഷ എംപിമാർ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്ന എം ക്യൂ എം, പി എം എൽ ക്യൂ എന്നീ പാർട്ടികൾ ഇമ്രാൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടു.

പിന്നാലെ ഇമ്രാന്റെ തന്നെ പാർട്ടിയിലെ 25 എംപിമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 155 ഉം ഇമ്രാനെ പിന്തുണയ്ക്കുന്ന ചെറു പാർട്ടികൾക്ക് 24 അംഗങ്ങളുമുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് 162 അംഗങ്ങൾ ഉണ്ട്.

സ്വന്തം പാർട്ടിയിലെ 25 എംപിമാർ സർക്കാരിനെതിരെ രംഗത്തുവന്ന സാഹചര്യത്തിൽ അവിശ്വാസം വോട്ടിനിട്ടാൽ ഇമ്രാന്റെ കസേര പോകുമെന്നത് ഉറപ്പാണ്. സൈന്യത്തിന്‍റെ പിന്തുണ തേടി അധികാരത്തിൽ തുടരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൈനിക മേധാവി ജാവേദ് ബാജ്വയെ ഇമ്രാൻ നേരിട്ട് കണ്ട ചർച്ച നടത്തി. ഇമ്രാനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച 25 വിമതർ ഇസ്ലാമാബാദിലെ പാർലമെന്റ് മന്ദിരത്തിൽ അഭയം തേടിയിരിക്കുകയാണ്. ഇവിടേക്ക് പ്രതിഷേധവുമായി വന്ന ഇമ്രാൻ അനുകൂലികൾ മദിരത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിരുന്നു.

Related Articles

Latest Articles