ന്യൂഡൽഹി :ഷോപിയാൻ ജില്ലയിലെ നദിമാർഗിൽ വെച്ച് 2003 ലാണ് ഭീകരർ കൂട്ടക്കൊല നടത്തിയത്. 24 കശ്മീരി പണ്ഡിറ്റുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ നദിമാർഗ് കൂട്ടക്കൊല കേസാണിത്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്ത് വർഷങ്ങൾക്ക് മുൻപ് നിർത്തിവെച്ച കേസ് ആണ് ഇപ്പോൾ ജമ്മു കശ്മീർ ഹൈക്കോടതി പുനരാരംഭിച്ചത്. കൂട്ടക്കൊല നടന്നപ്പോൾ തന്നെ 2003 ൽ ഇതുമായി ബന്ധപ്പെട്ട് സൈനപോര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
കേസിന്റെ അന്വേഷണത്തിന് ശേഷം, പുൽവാമയിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഏഴ് പ്രതികൾക്കെതിരെ കുറ്റ പത്ര൦ ഫയൽ ചെയ്തു, അത് പിന്നീട് ഷോപിയാനിലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി.
കേസിന്റെ വിചാരണ സമയത്ത്, സാക്ഷികളെ വിസ്തരിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ട്രയൽ കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു. സാക്ഷികൾ കശ്മീർ താഴ്വരയിൽ നിന്ന് കുടിയേറിപ്പോയവരാണെന്നും വിചാരണ കോടതിക്ക് മുന്നിൽ മൊഴി നൽകാൻ വിമുഖത കാണിക്കുന്നുവെന്നുമാണ് പ്രോസിക്യൂഷൻ പറഞ്ഞത്. സംഭവങ്ങൾ തുറന്നുപറയാൻ അവർക്ക് ഭയമാണെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പത്ത് വർഷത്തിന് ശേഷം പ്രോസിക്യൂഷന്റെ അപേക്ഷ അനുവദിക്കുന്നുവെന്ന് ജസ്റ്റിസ് ധർ പറഞ്ഞു. 21.12.2011 ൽ കോടതി പുറത്തിറക്കിയ ഉത്തരവ് തിരിച്ചെടുക്കുന്നതായും, ഈ മാസം 15 ന് കേസിന്റെ വിചാരണ നടത്തുമെന്നും ജസ്റ്റിസ് ധർ വ്യക്തമാക്കി.

