കണ്ണൂർ: ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ജനസേവന കേന്ദ്രത്തിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡ് നടത്തിയത് അക്ഷയ കേന്ദ്രത്തിലാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. റെയ്ഡ് നടന്നത് പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷന് സമീപത്തെ സ്വകാര്യ ഓൺലൈൻ ജനസേവന കേന്ദ്രത്തിലാണെന്നും അക്ഷയ കേന്ദ്രത്തിൽ റെയ്ഡെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ അറിയിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന ഒരു അക്ഷയ കേന്ദ്രത്തിലും യാതൊരു തരത്തിലുള്ള റെയ്ഡുകളും നടന്നിട്ടില്ല.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പുതിയ ഓൺലൈൻ കേന്ദ്രം ആരംഭിക്കാൻ ലൈസൻസ് നൽകുമ്പോൾ കർശന പരിശോധനകൾ വേണമെന്ന് സർക്കാറിന്റെ കൃത്യമായ മാർഗ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇത്തരം സമാന്തര ഓൺലൈൻ കേന്ദ്രങ്ങൾ വഴി വ്യക്തികളുടെ വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നിലവിലുണ്ടെന്നും ജില്ലയിലെ പോലീസ് മേധാവികൾ, തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ, തഹസിൽദാർമാർ തുടങ്ങിയവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നതായും അറിയിച്ചു.

