ഉത്തർപ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി യുപിയില്‍ ക്ഷേത്രം നിര്‍മിച്ച് ആരാധകൻ. പ്രഭാകർ മൗര്യ എന്നയാളാണ് ലക്ഷങ്ങൾ മുടക്കി ഈ ക്ഷേത്രം പണിതിരിക്കുന്നത്. യോഗി ഞങ്ങൾക്കായി രാമക്ഷേത്രം പണിയുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തിനായി ഒരു ക്ഷേത്രം പണിതുവെന്നാണ് പ്രഭാകർ മൗര്യ വ്യക്തമാക്കിയത്. എട്ടര ലക്ഷം രൂപ മുടക്കിയാണ് ക്ഷേത്രം പണിതത്. യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിന് മുന്നിൽ ശ്രീരാമന് ചെയ്യുന്നതുപോലെ താൻ ദിവസവും സ്തുതിഗീതങ്ങൾ പാരായണം ചെയ്യാറുണ്ടെന്ന് മൗര്യ വ്യക്തമാക്കി.
അയോധ്യയ്ക്ക് 25 കിലോമീറ്റര്‍ അകലെയുളള പ്രയാഗ് രാജ് ഹൈവേയിലെ ഭാരത് കുണ്ഡിന് സമീപമാണ് ക്ഷേത്രം പണിതത്. അമ്പും വില്ലുമേന്തിയ യുപി മുഖ്യമന്ത്രിയെ ശ്രീരാമന്‍റെ അവതാരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി നിൽക്കുന്ന യോഗി ആദിത്യനാഥിന്റെ വിഗ്രഹത്തിൽ എല്ലാ ദിവസവും വൈകുന്നേരം പൂജയും പ്രസാദ വിതരണവും ചെയ്യുന്നുണ്ട്.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നയാളെ ആരാധിക്കുമെന്ന പ്രഭാകറിൻ്റെ ശപഥമാണ് ക്ഷേത്രം നിർമിക്കുന്നതിലേക്ക് എത്തിയത്. 2015 ലാണ് താൻ ശപഥം ചെയ്തതെന്ന് പ്രഭാകർ മൗര്യ പറഞ്ഞു. വർഷങ്ങൾക്കുശേഷം സുപ്രീംകോടതി രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിധി പറഞ്ഞു. ഇപ്പോൾ അയോധ്യയിൽ ക്ഷേത്രം ഉയരുകയാണ്. ഇതോടെയാണ് യോഗി ആദിത്യനാഥിനെ ആരാധിക്കാനായി ക്ഷേത്രം നിർമിച്ചതെന്ന് പ്രഭാകർ മൗര്യ വിശദമാക്കി.

