Sunday, May 5, 2024
spot_img

സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവം:യാത്രക്കാരന് 30 ദിവസം യാത്രാവിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ

ദില്ലി : യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വെച്ച് മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച സംഭവത്തില്‍ ആരോപണ വിധേയനായ യാത്രക്കാരന് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി . ഒരു മാസത്തേക്കാണ് വിലക്ക്. കൂടുതല്‍ നടപടികള്‍ക്കായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സംഭവത്തില്‍ ക്യാബിന്‍ ക്രൂവിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുവാൻ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തില്‍ ആരോപണ വിധേയനായ യാത്രക്കാരനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാരിയുടെ പരാതി പരസ്യമായതോടെ സംഭവത്തില്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നവംബര്‍ 26-ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് സംഭവമുണ്ടായത്. ടേക്ക് ഓഫിന് ശേഷം ലൈറ്റുകള്‍ ഓഫ് ചെയ്തതിന് പിന്നാലെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ അടുത്തെത്തി പാന്റ്‌സിന്റെ സിബ്ബ് അഴിച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച ശേഷം ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തെന്നാണ് ആരോപണം. വിമാന ജീവനക്കാരോട് ഇക്കാര്യത്തില്‍ പരാതി പെട്ടിട്ടും അവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചിരുന്നു. പിന്നീട് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Related Articles

Latest Articles