Wednesday, September 30, 2026

ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ അക്രമം അഴിച്ചുവിട്ട സംഭവം; വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും

തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ നിയമസഭയിൽ അക്രമം അഴിച്ചുവിട്ട കേസിൽ വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെയുള്ള പ്രതികളായ എൽഡിഎഫ് നേതാക്കൾ ഇന്ന് കോടതിയിൽ ഹാജരാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ എന്നിവർ അടക്കം ആറ് നേതാക്കളാണ് ഇന്ന് കോടതിയിൽ ഹാജരാകുക. തുടർന്ന് ഇവരെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും.

കേസിൽ വിചാരണ ഉടൻ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത്. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ പ്രതികളെല്ലാവരും ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് ആറ് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകുന്നത്. കൂടാതെ ഇന്ന് കേസിന്റെ വിചാരണ എന്ന് തുടരുമെന്നകാര്യവും കോടതി പ്രതികളെ അറിയിക്കും.

ശിവൻകുട്ടിയ്‌ക്കും, കെ.ടി ജലീലിനും പുറമേ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ, സി.കെ സദാശിവൻ, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പൊതുമുതൽ നശിപ്പിക്കൽ, അതിക്രമിച്ച് കയറൽ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനിടെ കേസിന്റെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവൻകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി കോടതി തള്ളുകയായിരുന്നു. ശേഷം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Related Articles

Latest Articles