ദില്ലി : വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും കേവലം സഖ്യകക്ഷികൾ എന്നതിനപ്പുറം ആഗോളതലത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കെൽപ്പുള്ള തന്ത്രപ്രധാന പങ്കാളികളാണെന്ന് റൂബിയോ പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ, ദില്ലിയിൽ നടന്ന പ്രതിനിധിതല ചർച്ചയിലാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്റെ സവിശേഷത എടുത്തുപറഞ്ഞത്. ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി അമേരിക്ക പുലർത്തുന്ന ബന്ധങ്ങളിൽ നിന്ന് ഇന്ത്യയുമായുള്ള കൂട്ടായ്മയെ വേറിട്ടു നിർത്തുന്നത് ഇവിടുത്തെ തന്ത്രപ്രധാനമായ കെട്ടുറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തന്ത്രപ്രധാന പങ്കാളിത്തം ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് റൂബിയോ വ്യക്തമാക്കി. പടിഞ്ഞാറൻ അർദ്ധഗോളം ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാനും ആഗോള പ്രതിസന്ധികളിൽ സഹകരണം ഉറപ്പാക്കാനും ഈ ബന്ധം വഴി സാധിക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന അത്താഴവിരുന്നിലും ഇന്നത്തെ ചർച്ചകളിലും തങ്ങൾ ഇക്കാര്യം വിശദമായി സംസാരിച്ചതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഊർജ്ജം, വ്യാപാരം, നിക്ഷേപം, സുപ്രധാന സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മിലുള്ള നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്.

