പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച (മേയ് 24) ക്വറ്റയിലെ ചമൻ ഫട്ടക് റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ട്രെയിൻ വരുന്ന സമയം കണക്കാക്കിയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്ഫോടനത്തെത്തുടർന്ന് പ്രവിശ്യയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും പരിക്കേറ്റവർക്ക് അടിയന്തര ചികിൽസ ഉറപ്പാക്കിയിട്ടുണ്ടെന്നും ബലൂചിസ്ഥാൻ ആഭ്യന്തര മന്ത്രിയുടെ വക്താവ് ബാബർ യൂസഫ്സായ് അറിയിച്ചു. നഗരത്തിൽ വലിയ സുരക്ഷാ ഭീഷണിയുണ്ടായ പശ്ചാത്തലത്തിൽ സുരക്ഷാ സേനയും അന്വേഷണ ഏജൻസികളും ഉൾപ്പെടെയുള്ള എല്ലാ ഔദ്യോഗിക സംവിധാനങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം (High Alert) നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി പാക് അധികൃതർ വ്യക്തമാക്കി.

