Friday, May 17, 2024
spot_img

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ ! കോഹ്ലിയ്ക്കും രാഹുലിനും സെഞ്ച്വറി ; ഇന്ത്യക്ക് 229 റണ്‍സിന്റെ കൂറ്റന്‍ ജയം

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 229 റണ്‍സിന്റെ കൂറ്റന്‍ ജയം. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ പോരാട്ടം 128 റണ്‍സില്‍ അവസാനിച്ചു. എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തത്. മഴ കാരണം റിസർവ് ദിനത്തിലേയ്ക്ക് മാറ്റിയ മത്സരത്തിൽ കെ.എൽ രാഹുലും വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ നേടിയത്. കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രിത് ബുമ്ര, ഹാര്‍ദിക്ക് പാണ്ഡ്യ, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവർ ഓരോ വിക്കറ്റും നേടി.

ഞായറാഴ്ച മത്സരം നിര്‍ത്തി വെയ്ക്കുമ്പോള്‍ 8 റണ്‍സുമായി വിരാട് കോഹ്ലിയും 17 റണ്‍സുമായി കെ.എല്‍ രാഹുലുമായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. ഇന്നലെ മഴ വീണ്ടും വില്ലനായെങ്കിലും 50 ഓവർ പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 123 റൺസിൽ നിൽക്കവെയാണ് കോഹ്ലിയും രാഹുലും ക്രീസിൽ ഒന്നിച്ചത്. വളരെ കണക്കുകൂട്ടലോടെ ബാറ്റ് വീശിയ കോഹ്ലിയും രാഹുലും ഒരു ഘട്ടത്തിൽ പോലും പാക് ബൗളർമാർക്ക് മേൽക്കൈ നൽകിയില്ല. മെല്ലെ തുടങ്ങിയ കോഹ്ലി കൃത്യമായ ഇടവേളകളിൽ ​ഗിയർ മാറ്റി വേ​ഗം കൂട്ടി. മറുഭാ​ഗത്ത് പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ രാഹുൽ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്.

അതേസമയം, പേസർ ഹാരിസ് റൗഫ് പരിക്കേറ്റ് പുറത്തുപോയത് പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. മഴ വീണ്ടും വില്ലനാകാനുള്ള സാധ്യത മുന്നിൽ കണ്ട കോഹ്ലിയും രാഹുലും കൃത്യമായി റൺ റേറ്റ് ഉയർത്തി. ഇരുവരും അർധ സെഞ്ച്വറി പിന്നിട്ടതോടെ സ്കോറിം​ഗിന് വേ​ഗം കൂടി. പാക്കിസ്ഥാൻ ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. തിരിച്ചുവരവ് ​ഗംഭീരമാക്കിയ രാഹുലാണ് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത്. 106 പന്തിൽ 12 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 111 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 94 പന്തിൽ 9 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയ കോഹ്ലി 122 റൺസുമായി പുറത്താകാതെ നിന്നു. അതേസമയം, ഏകദിനത്തിൽ അതിവേ​ഗം 13,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി.

Related Articles

Latest Articles