Thursday, May 2, 2024
spot_img

കോഴിക്കോട് നിപ സംശയം ; പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം ; രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേർ അസ്വാഭാവികമായി മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഇന്ന് കോഴിക്കോട് ഉന്നതതല യോഗം ചേരും.

അതേസമയം, കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ രണ്ടുപേരുടെ ആരോഗ്യനില ​ഗുരുതരമാണ്. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ രണ്ട് മക്കളിൽ 9വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ആശുപത്രിയിൽ കഴിയുന്നത്. 4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ല. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.

മരിച്ചയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനായി ആരോ​ഗ്യ വകുപ്പ് ഫീൽഡ് സർവ്വെ ആരംഭിച്ചിട്ടുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

Related Articles

Latest Articles