Wednesday, May 8, 2024
spot_img

“ഇന്ത്യ-ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും”; പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം

ബീജിങ്: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് മാധ്യമം (Chinese Medias). ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ​ഗ്ലോബൽ ടൈംസിലാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. അതിര്‍ത്തിവിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. ഇന്ത്യ-ചൈന പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയമായിരുന്നു. ചുഷുൽ-മോൽഡോ അതിർത്തിയിൽ വച്ച് നടന്ന കമാൻഡർ തല ചർച്ച ഒമ്പത് മണിക്കൂർ നീണ്ടു. എന്നാൽ ചർച്ചയിൽ സമവായ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. കിഴക്കൻ ലഡാക്കിൽ നിന്ന് പിൻമാറാൻ ചൈന തയാറായില്ലെന്ന് ഇന്ത്യ അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊന്നും ചൈന (India-China) അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാൽ ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ചൈന വിശദീകരിച്ചത്. ചര്‍ച്ചകളില്‍ സമവായമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ചൈന അക്ഷീണം പ്രയത്‌നിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. ഗാല്‍വാന്‍വാലി സംഘര്‍ഷത്തിന് ശേഷം രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തുടരാനും തന്നെയാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ മുന്നോട്ടുപോവുന്നില്ല. ഇന്ത്യ യുക്തിയില്ലാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും മാധ്യമം പറയുന്നു.

അതേസമയം ഇനിയും ചർച്ചകൾ തുടരാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം. ഇതിനിടെയാണ് പ്രകോപനപരമായ പ്രസ്താവനകളുമായി ചൈന രം​ഗത്തെത്തുന്നത്.എന്നാൽ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണ് ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇന്ത്യ തുറന്നടിച്ചിരുന്നു.

Related Articles

Latest Articles