Monday, April 29, 2024
spot_img

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്റ്റോകറന്‍സി ഇന്ത്യക്കാരുടെ കയ്യില്‍; 10.07 കോടി, കണക്കുകള്‍ പുറത്ത്

ദില്ലി: ലോകത്ത് ഏറ്റവും കൂടുതല്‍‍ ക്രിപ്റ്റോകറന്‍സി ഇന്ത്യക്കാരുടെ കൈയ്യിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ 10.07 കോടിപ്പേര്‍ ക്രിപ്റ്റോ കറന്‍സി കൈയ്യിലുള്ളവരാണ് എന്നാണ് ഈ മേഖലയിലെ കണക്കുകള്‍ പുറത്ത് വിടുന്ന ബ്രോക്കര്‍ ചൂസ് പറയുന്നത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത് ഇവിടെ 2.74 കോടിപ്പേരാണ് ക്രിപ്റ്റോ കറന്‍സി കൈവശമുള്ളവര്‍. മൂന്നാം സ്ഥാനത്ത് റഷ്യയാണ് ഇവിടെ 1.74 കോടിപ്പേരാണ്. നൈജീരിയാണ് നാലാം സ്ഥാനത്ത് 1.30 പേര്‍ ഇവിടെ ക്രിപ്റ്റോ ഇടപാടുകള്‍ നടത്തുന്നു.

അതേ സമയം ക്രിപ്റ്റോ ഓണര്‍ഷിപ്പ് റൈറ്റില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൊത്തം രാജ്യത്തെ ജനസംഖ്യയില്‍ എത്രപേര്‍ ക്രിപ്റ്റോ കറന്‍സി ഉടമകളാണ് എന്നതാണ് ക്രിപ്റ്റോ ഓണര്‍ഷിപ്പ് റൈറ്റ്. ഇതില്‍ ഉക്രെയിനാണ് മുന്നില്‍. ഉക്രെയിന്‍റെ നിരക്ക് 12.73 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് റഷ്യ 11.91 ശതമാനം, മൂന്നാംസ്ഥാനത്ത് കെനിയ 8.52 ശതമാനം. നാലാം സ്ഥാനത്ത് യുഎസ് 8.31 ശതമാനം. ഇന്ത്യയുടെ നിരക്ക് 7.30 ശതമാനമാണ്.

അതേ സമയം ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി നിരോധിക്കപ്പെട്ടതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷെ ചാഞ്ചാടി നില്‍ക്കുന്ന ക്രിപ്റ്റോ മൂല്യത്തില്‍ ഇറങ്ങാന്‍ ഇന്ത്യക്കാര്‍‍ ഇന്നും തയ്യാറാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2018 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതിയും ഇത് ശരിവച്ചു. അതേ സമയം സര്‍ക്കാര്‍ ക്രിപ്റ്റോ കറന്‍സി റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി 2021 എന്ന ബില്ലിന്‍റെ കരട് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ ബില്ല് ഇതുവരെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടില്ല.

അതേ സമയം ലോകത്ത് ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ച് നടക്കുന്നത് യുഎസിലാണ് എന്നാണ് ബ്രോക്കര്‍ ചൂസ് റിപ്പോര്‍ട്ട് പറയുന്നത്. രണ്ടാം സ്ഥാനത്ത് യുകെയാണ്. ഇതേ സമയം ഇന്ത്യയില്‍ മെട്രോപോളിറ്റന്‍ സിറ്റികളെക്കാള്‍ ത്രീടയര്‍, ഫോര്‍ ടയര്‍ നഗരങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ കൂടുതല്‍ നടക്കുന്നത് എന്നാണ് മിന്‍റിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന ധനകാര്യ ആപ്പുകളുടെ വളര്‍ച്ച ഇന്ത്യയിലെ ക്രിപ്റ്റോ ഇടപാടുകളുടെ വ്യാപ്തി കാണിക്കുന്നുവെന്നും മിന്‍റിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.

Related Articles

Latest Articles