Sunday, May 5, 2024
spot_img

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ; സൈനിക വിമാനത്തില്‍ എത്തിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറി, ദുരിതാശ്വാസ സാമഗ്രികള്‍ ഇനിയും എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: ഭൂകമ്പത്തിൽ തകർന്നടിഞ്ഞ അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായം എത്തിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാങ്കേതിക സംഘത്തെയുമാണ് പ്രത്യേക സൈനിക വിമാനത്തില്‍ കാബൂളിലെത്തിച്ചത്.

കാബൂളിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവർത്തിക്കുന്നത്. അഫ്ഗാന്‍ ജനതക്ക് മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനുമാണ് പ്രത്യേക സാങ്കേതിക സംഘത്തെ വിന്യസിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൈനിക വിമാനത്തില്‍ എത്തിച്ച ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികള്‍ അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്നും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ ജനതയുമായി ഇന്ത്യക്ക് ചരിത്രപരവും നാഗരികവുമായ ദീര്‍ഘകാല ബന്ധവുമുണ്ട്. മാനുഷിക സഹായം ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം മുന്നോട്ടുള്ള സമീപനത്തെ നയിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

നേരത്തെ, അഫ്ഗാനില്‍ മാനുഷിക സഹായ വിതരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ സംഘം കാബൂള്‍ സന്ദര്‍ശിക്കുകയും താലിബാന്‍റെ മുതിര്‍ന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Latest Articles