ദില്ലി: വാക്‌സിനേഷനിൽ നൂറ് കോടിയെന്ന (Covid Vaccination In India) ചരിത്രനേട്ടത്തിനരികെ ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും. ഇതിന്റെ ഭാഗമായി ചെങ്കോട്ടയിൽ ഇന്ന് ദേശീയ പതാക ഉയർത്തി ആഘോഷിക്കും. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുള്ളത്. റെയിൽവേയും ഈ ചരിത്ര നേട്ടത്തിൽ വിപുലമായ ആഘോഷപരിപാടികൾ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗൺസ്‌മെന്റുകൾ നടത്തും. രാവിലെ 10നും 12.30നും ഇടയിൽ 100 കോടി എന്ന നേട്ടം കടക്കുമെന്നാണ് വിവരം. ഇതിന് ശേഷമായിരിക്കും ട്രെയിനുകളിലും മറ്റും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ വരെ 99.70 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഉൾപ്പെടെയാണിത്. 74 ശതമാനം പേർക്ക് ആദ്യ ഡോസും, 31 ശതമാനം പേർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു കഴിഞ്ഞു. എട്ട് സംസ്ഥാനങ്ങൾ വാക്‌സിനേഷനിൽ ആറ് കോടി ഡോസ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ വിതരണം ചെയ്തിട്ടുള്ളത്. 12.08 കോടി ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. മഹാരാഷ്‌ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബിഹാർ (6.30 കോടി), കർണ്ണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) എന്നീ സംസ്ഥാനങ്ങളാണ് നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ (Vaccination Drive) ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിനേഷൻ നൽകിയിരുന്നത്. മാർച്ച് 1 മുതൽ 45 വയസ്സിന് മുകളിലുള്ളവർക്കും രാജ്യത്തെമ്പാടും വാക്‌സിൻ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കും വാക്‌സിൻ നൽകാൻ അനുമതി നൽകിയത്. ഇതുവരെ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമാകാത്തവർ എത്രയും വേഗം ഇതിൽ പങ്കാളികളാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും അഭ്യർത്ഥിച്ചിട്ടുണ്ട്. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യമന്ത്രിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം
“രാജ്യം പ്രതിരോധ വാക്‌സിനേഷനിൽ സെഞ്ച്വറി തികയ്ക്കാനിരിക്കുകയാണ്. ഈ സുവർണ്ണ നിമിഷത്തിന്റെ ഭാഗമാകുവാൻ, ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത എല്ലാവരോടും അത് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചരിത്രം കുറിക്കുന്ന ഇന്ത്യയുടെ ഈ വാക്‌സിനേഷൻ യാത്രയിൽ നിങ്ങളുടെ സംഭാവനകൾ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും” മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു.

