Sunday, May 5, 2024
spot_img

“ഒഐസിയുടേത് വർഗീയ ചിന്താഗതി”; ഹിജാബ് വിവാദത്തിലെ ഒഐസിയുടെ പ്രസ്താവനയിൽ താക്കീത് നൽകി ഇന്ത്യ

ദില്ലി: ഹിജാബ് വിവാദത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) (OIC) പുറപ്പെടുവിച്ച പ്രസ്താവനയ്ക്ക് ചുട്ടമറുപടി നൽകി ഇന്ത്യ. സംഘടനയുടെ പ്രസ്താവന കലാപത്തിന് ആഹ്വാനം നൽകുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി തുറന്നടിച്ചു. കർണാടകയിൽ വിദ്യാർഥികൾക്ക് ഹിജാബ് ധരിക്കാൻ വിലക്കേർപ്പെടുത്തിയ നടപടി അതീവ ഗുരുതരമാണെന്നാണ് ഒഐസി പ്രസ്താവനയിൽ വ്യക്തമാക്കിയത്. 57 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ.

അതേസമയം മുസ്ലീങ്ങളെയും അവരുടെ ആരാധനാലയങ്ങളെയും ലക്ഷ്യമാക്കിയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഇന്ത്യയിൽ വ്യാപകമായി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീം വിരുദ്ധ നിയമനിർമ്മാണ പ്രവണതയും വർദ്ധിക്കുന്നതായും ഒഐസി ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ഒഐസി ജനറൽ സെക്രട്ടേറിയറ്റ് അന്താരാഷ്‌ട്ര സമൂഹത്തോടും ഐക്യരാഷ്‌ട്രസഭ സംവിധാനങ്ങളോടും യു.എൻ മനുഷ്യാവകാശ കൗൺസിലിനോടും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഇന്ത്യയ്‌ക്കെതിരായ ഒഐസിയുടെ പ്രചാരണം വർദ്ധിക്കുന്നതായും വിദേശകാര്യമന്ത്രാലയ വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിലെ പ്രശ്‌നങ്ങൾ പരിഗണിക്കുന്നതും പരിഹരിക്കുന്നതും ഭരണഘടനാ സംവിധാനങ്ങൾക്കും ജനാധിപത്യ ധാർമ്മികതയ്‌ക്കും അനുസരിച്ചാണ്. ഒഐസിയുടെ വർഗീയ ചിന്താഗതി ഈ യാഥാർത്ഥ്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്താൻ അനുവദിക്കുന്നില്ല. ഈ പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇന്ത്യ അറിയിച്ചു.

Related Articles

Latest Articles