Saturday, May 25, 2024
spot_img

ക്ഷേത്ര കൂത്തമ്പലങ്ങളിൽ ഇനി ജാതി വിവേചനമില്ല; അനുഷ്ഠാന കലകൾ ഉൾപ്പെടെ അവതരിപ്പിക്കാൻ എല്ലാ കലാകാരന്മാർക്കും അവസരം നൽകാൻ കൊച്ചി ദേവസ്വംബോർഡ് തീരുമാനം

കൊച്ചി: ക്ഷേത്ര കൂത്തമ്പലങ്ങൾ ഇനി ജാതി വിവേചനം കൂടാതെ എല്ലാ വിഭാഗം കലാകാരന്മാർക്കുമായി തുറന്നുകൊടുക്കാൻ കൊച്ചി ദേവസ്വം ബോർഡ് തീരുമാനം. കൂടിയാട്ടം അടക്കമുള്ള ക്ഷേത്രകലകള്‍ അവതരിപ്പിക്കാന്‍ ജാതി നോക്കി മാത്രം കൂത്തമ്പലങ്ങളില്‍ അവസരം നല്‍കുന്ന അപരിഷ്‌കൃത നടപടി അവസാനിപ്പിക്കും. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ അടക്കമുള്ള കൂത്തമ്പലങ്ങള്‍ പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ക്കും തുറന്നുകൊടുക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍ അറിയിച്ചു. പ്രത്യേക സമുദായക്കാർക്ക് മാത്രമായി കൂത്തമ്പലങ്ങൾ പരിമിതപ്പെടുത്തില്ല

കൂടിയാട്ടം, ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് പ്രമാണ പ്രകാരം അവതരിപ്പിക്കേണ്ടത്. എന്നാല്‍ കൂത്തമ്പലങ്ങളില്‍ ചാക്യാര്‍, നമ്പ്യാര്‍ സമുദായങ്ങളില്‍പ്പെട്ട കലാകാരമാര്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന സ്ഥിതിയാണ് നൂറ്റാണ്ടുകളായി തുടരുന്നത്. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലങ്ങളുള്ള തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലും കലാമണ്ഡലത്തില്‍ നിന്നും പഠിച്ചിറങ്ങിയ പിന്നാക്കക്കാരുള്‍പ്പടെയുള്ള കലാപ്രതിഭകള്‍ക്ക് ജാതിയുടെ പേരില്‍ ദേവസ്വം ബോര്‍ഡുകള്‍ തന്നെ അവസരം നിഷേധിക്കുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ ഉൾപ്പെടെ പ്രതിഷേധിച്ചിട്ടുണ്ട്. കേരള കലാമണ്ഡലത്തിൽ അനുഷ്ഠാന കലകളായ കൂത്ത്, കൂടിയാട്ടം തുടങ്ങിയവ പഠിപ്പിക്കുന്നത് ജാതി മാനദണ്ഡമാക്കിയല്ല. അനുഷ്ഠാനകലകൾ അടക്കം കേരളത്തിൽ ഇന്ന് എല്ലാ ജാതി വിഭാഗങ്ങളിൽ പെടുന്നവരും അഭ്യസിക്കുന്നുണ്ട്. അപ്പോൾ വേദികളിൽ പ്രത്യേകിച്ചും ക്ഷേത്ര കൂത്തരങ്ങുകളിൽ ജാതി വിവേചനം ആധുനിക യുഗത്തിൽ ഭൂഷണമല്ലെന്ന് ആചാര്യന്മാരുൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടിരുന്നു,

Related Articles

Latest Articles