Thursday, May 2, 2024
spot_img

മുംബൈയിൽ സ്ഥിതി ഭീകരം.ഐ സി യു കിടക്കകൾ തീർന്നു.മൃതദേഹങ്ങൾ കാണാതാകുന്നു

മുംബൈയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐസിയു കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നാണു വിവരം. അത്രത്തോളം വെന്റിലേറ്ററുകളും രോഗികളെക്കൊണ്ടു നിറഞ്ഞു. ഐസിയുവിൽനിന്നോ വെന്റിലേറ്ററിൽനിന്നോ രോഗികൾ മുക്തി നേടി തിരികെയെത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ പുതിയതായി ചികിത്സ തേടേണ്ടവരുടെ കാത്തിരിപ്പു നീളും.

അടിയന്തരമായി കൂടുതൽ ഐസിയു സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ മരണനിരക്ക് ഉയരുമെന്നാണ് ഇതു നൽകുന്ന അപകടകരമായ സൂചന. ആവശ്യത്തിനു വിദഗ്ധ ഡോക്ടർമാരുടെയും ഐസിയു കൈകാര്യം ചെയ്യാൻ പറ്റിയ നഴ്സുമാരുടെയും അഭാവമാണ് മറ്റൊരു വെല്ലുവിളി. ഐസിയു ഒരുക്കാൻ സംവിധാനമുണ്ടായിട്ടും ആരോഗ്യപ്രവർത്തകർ ഇല്ലാത്തതിനാൽ അവ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുള്ള ആശുപത്രികളുമുണ്ട്.

അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ 200ൽ അധികം ഐസിയു കിടക്കകൾ ഒരുക്കാനുള്ള സംവിധാനമുണ്ടെന്നിരിക്കെ, ആരോഗ്യപ്രവർത്തകരുടെ അഭാവം മൂലം നൂറിൽ താഴെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് കേരള മെഡിക്കൽ സംഘത്തെ നയിക്കുന്ന ഡോ. സന്തോഷ്കുമാർ പറഞ്ഞു. പ്രതിസന്ധിയുടെ സാഹചര്യത്തിൽ വളരെ അത്യാവശ്യം എന്നു തോന്നുവരെ മാത്രമേ ഐസിയുവിലേക്കു മാറ്റേണ്ടതുള്ളൂ എന്നതടക്കം കർശന നിർദേശം ആരോഗ്യവകുപ്പ് ആശുപത്രികൾക്കു നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിൽസ ഉറപ്പാക്കാൻ ബിഎംസി ഉദ്യോഗസ്ഥരെ നിയോഗിച്ചതായി കോർപറേഷൻ അധികൃതർ അറിയിച്ചു. 

കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ആശുപത്രികളിൽനിന്നു കാണാതാകുന്ന സംഭവങ്ങൾ ആശങ്ക പരത്തുന്നു. ബന്ധുക്കൾക്കുണ്ടാകുന്ന തീരാദുഃഖത്തിനു പുറമെ കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടാലുള്ള രോഗവ്യാപന സാധ്യതകളാണ് ആരോഗ്യപ്രവർത്തകരെ കുഴയ്ക്കുന്നത്. 

27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ബിഎംസിയുടെ ഉടമസ്ഥതയിലുള്ള രാജാവാഡി ആശുപത്രിയിൽനിന്നു കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുടുംബവഴക്കിനെ തുടർന്ന് അടുത്ത ബന്ധുക്കൾ കൊലപ്പെടുത്തിയ ആൾക്ക് ഡോക്ടർമാരുടെ നിർദേശപ്രകാരം പോസ്റ്റ്‌മോർട്ടത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കൾ ആംബുലൻസുമായി മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോൾ മൃതദേഹം കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles