സുബ്രഹ്മണ്യ ഭാരതി, ഭാരതസംസ്‌കൃതിയെ തൊട്ടറിഞ്ഞ, അനാചാരങ്ങള്‍ക്കെതിരെ പോരാടിയ കവിശ്രേഷ്ടന്‍

0

ഇന്ത്യയിലെ പ്രമുഖനായ കവി,സ്വതന്ത്രസമര സേനാനി,അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ പ്രശസ്തനാണ് സുബ്രഹ്മണ്യ ഭാരതി യുടെ ജന്മദിനമാണിന്ന്. 1882 ഡിസംബര്‍ 11 ല്‍ ജനിച്ച അദ്ദേഹം രചിച്ച കൃതികള്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കോണ്‍ഗ്രസ്സിലൂടെയാണ് ഭാരതി രാഷ്ട്രീയപ്രവേശനം നടത്തുന്നത്. 1908 ല്‍ അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും, അതേതുടര്‍ന്ന് ഭാരതി പോണ്ടിച്ചേരിയിലേക്കു പലായനം ചെയ്യുകയുമായിരുന്നു. 1918 വരെയുള്ള പത്തു വര്‍ഷക്കാലം ഭാരതി ജീവിച്ചത് പോണ്ടിച്ചേരിയിലായിരുന്നു.

രാഷ്ട്രീയം, മതം, സാമൂഹികം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ഭാരതി കൃതികള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാവ്യരചനകള്‍ ഇപ്പോഴും, സിനിമകളിലും, കര്‍ണ്ണാടകസംഗീതത്തിലും ഉപയോഗിച്ചു വരുന്നുണ്ട്. 1921 സെപ്റ്റംബര്‍ 11 ന് ഭാരതി അന്തരിച്ചു.

തമിഴ്നാട്ടിലെ എട്ടയപുരത്തില്‍ ജനിച്ചു. ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരും, ലക്ഷ്മി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. മകന്‍ ഒരു എഞ്ചിനീയറാവണമെന്നതായിരുന്നു പിതാവ് ചിന്നസ്വാമി സുബ്രഹ്മണ്യ അയ്യരുടെ ആഗ്രഹം. എന്നാല്‍ ഒരു സ്വപ്നജീവിയായിരുന്ന ഭാരതി പഠനകാര്യങ്ങളില്‍ തീരെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ അഞ്ചാമത്തെ വയസ്സില്‍ ഭാരതിക്ക് അമ്മയേയും, പതിനാറാമത്തെ വയസ്സില്‍ പിതാവിനേയും നഷ്ടപ്പെട്ടു. തിരുനെല്‍വേലിയിലുള്ള എംഡിടിഹിന്ദു കോളേജ് എന്നറിയപ്പെട്ടിരുന്ന ഒരു സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം.

എഴാം വയസ്സില്‍ത്തന്നെ കവിതകള്‍ രചിക്കാന്‍ തുടങ്ങി. 11 വയസ്സാവുമ്പോഴേക്കും വിദ്യാദേവി സരസ്വതിയുടെ മറ്റൊരു പേരായ ‘ഭാരതി’ എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. പതിനഞ്ചാം വയസ്സില്‍ ചെല്ലമ്മാളെ വിവാഹം ചെയ്തു, വിവാഹസമയത്ത് ചെല്ലമ്മാള്‍ക്ക് ഏഴു വയസ്സായിരുന്നു പ്രായം. 29 ഇന്ത്യന്‍ ഭാഷകളും, 3 വിദേശ ഭാഷകളും ഉള്‍പ്പെട്ടെ, 32 ഭാഷകള്‍ ഭാരതി സ്വായത്തമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ കാവ്യരചനകള്‍ ഇപ്പോഴും കര്‍ണ്ണാടക സംഗീതത്തിലും സിനിമയിലും ഉപയോഗിക്കപ്പെടുന്നു എന്നത് ആ അസാമാന്യ വ്യക്തിത്വത്തിന്റെ സ്വീകാര്യത വെളിപ്പെടുത്തുന്നു.
‘ഓടി വിളയാടു പാപ്പ ‘, ‘ചിന്നംചിരുകിളിയേ കണ്ണമ്മാ’
‘അച്ചമില്ലെ അച്ചമില്ലെ അച്ച മെന്‍പതില്ലയേ ‘ തുടങ്ങിയ കവിതകള്‍ മലയാളിക്കും സുപരിചിതമാണ്.

1898 മുതല്‍ രണ്ടു വര്‍ഷം വാരണാസിയില്‍ താമസിക്കുകയും, അവിടെ വെച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും ചെയ്തു. വാരണാസി കാലഘട്ടത്തില്‍വെച്ചാണ് ഭാരതി ഹൈന്ദവ ആത്മീയതയുമായി അടുക്കുന്നത്. ദേശീയപ്രസ്ഥാനത്തിലേക്കുള്ള കാല്‍വെയ്പും ഈ കാലഘട്ടത്തില്‍ തന്നെയായിരുന്നു. തിരിച്ചു വന്നതിനുശേഷം മധുരയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നെ ചെന്നൈയില്‍ തമിഴ് പത്രമായ സ്വദേശമിത്രനില്‍ പത്രപ്രവര്‍ത്തകനായി ജോലി നോക്കി. ഇന്ത്യ എന്ന തമിഴ് വാരിക പുറത്തിറക്കുകയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു.

1905 ല്‍ വാരണാസിയില്‍ വച്ചു നടന്ന കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഭാരതി മുഴുവന്‍ സമയവും പങ്കെടുത്തു. ബ്രിട്ടീഷുകാര്‍ തടങ്കലില്‍ ആക്കാതിരിക്കാന്‍ വേണ്ടി പോണ്ടിച്ചേരിയിലേക്ക് താമസം മാറ്റി.

പോണ്ടിച്ചേരിയിലെ ജീവിത കാലത്താണ് അദ്ദേഹത്തില്‍ നിന്നും പ്രധാനപ്പെട്ട രചനകള്‍ ഉണ്ടായത്. കൃഷ്ണനെ സ്തുതിച്ചുകൊണ്ട് ‘കണ്ണ ഗീതങ്ങളും’, പാഞ്ചാലിയുടെ ശപഥത്തെ അടിസ്ഥാനമാക്കി ‘പാഞ്ചാലി ശപഥവും’ രചിച്ചു. കുയില്‍പ്പാട്ട് എന്ന കൃതിയും രചിച്ചു.1918-ല്‍ പോണ്ടിച്ചേരി വിടുകയുകയും തടങ്കലില്‍ ആവുകയും ചെയ്തു.

സുബ്രഹ്മണ്യ ഭാരതി കൃഷ്ണനെക്കൂടാതെ, അല്ലാഹുവിനെയും, കൃസ്തുവിനെയും, മറ്റു ദൈവങ്ങളേയും പ്രകീര്‍ത്തിച്ച് കൃതികള്‍ രചിച്ചു. കവിത കൂടാതെ ചെറുകഥകളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍ എന്നീ ഭാഷകളിലേക്കും ഭാരതിയുടെ കൃതികള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1921 സെപ്റ്റംബര്‍ 11-ന് തന്റെ 39-ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here